റിയൽമി 10 പ്രോ സീരിസ് വിപണിയിലേക്ക്. ഡിസംബർ എട്ടിന് വിൽപന ആരംഭിക്കുമെന്ന് ട്വിറ്ററിലൂടെ റിയൽമി അറിയിച്ചു. ഫുൾ എച്ച് ഡിയിൽ അരികിലേക്ക് വളഞ്ഞ ഡിസ്പ്ലേയുമായി പുതിയ ലുക്കിലാണ് വരവ്
റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നീ ഇനങ്ങളാണ് ഫൈവ് ജിയിൽ എത്തുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്. 5000 എം.എ.എച്ച് ബാറ്ററിയോടെയാണ് ഫോണുകൾ എത്തുന്നത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ്ങും പ്രത്യേകതയാണ്.
റിയൽമി 10 പ്രോ 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം ഇന്ത്യൻ രൂപ 18,300 ആണ്. റിയൽമി 10 പ്രോ പ്ലസ് 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 19,400 രൂപയുമാണ്. രണ്ടുമോഡലുകൾക്കും 6.7 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്.
108 എം.പി പ്രെെമറി സെൻസറും രണ്ട് എം.പി സെക്കൻഡറി ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാകും റിയൽമി 10 പ്രോ 5ജിയിൽ ഉണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായാകും റിയൽമി 10 പ്രോ പ്ലസ് 5ജി എത്തുന്നത്. 108 എം.പി പ്രെെമറി സെൻസറും എട്ട് എം.പി അൾട്രാ വെെഡ് ആങ്കിൾ ഷൂട്ടറും രണ്ട് എം.പി മോണോക്രോം ലെൻസും ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. രണ്ടുഫോണുകളും 16 എം.പി സെൽഫി ക്യാമറയുമായാണ് എത്തുന്നത്.