വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐ എസ് ആർ ഓ ബഹിരാകാശ ദൌത്യങ്ങളിൽ ഒരു നേട്ടം കൂടി കൈവരിച്ചു. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹം ചൊവ്വാഴ്ച വൈകിട്ട് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയില്‍ തിരികെ പതിച്ചു.
തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയ ശേഷം പലതവണ ഭൂമിയെച്ചുറ്റിച്ചു. ഇങ്ങനെ ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.
പല രാജ്യങ്ങളും ഉപഗ്രഹങ്ങള്‍ തിരിച്ചിറക്കുന്നതിൽ വിജയം കണ്ടിട്ടുണ്ട്. അവ തിരിച്ചിറക്കുന്നതിനുള്ള സാങ്കേതികത കൂടി ഉൾപ്പെടുത്തിയവ ആയിരുന്നു. ഇന്ത്യയുടെ മേഘാ ട്രോപിക്സ്-1 ആ രീതിയില്‍ രൂപകല്പന ചെയ്തത് അല്ലായിരുന്നു. ഇതായിരുന്നു പ്രധാന വെല്ലുവിളി.
ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്സ്1. 1000 കിലോ ഭാരമുണ്ട്. കാലാവസ്ഥാ പഠനത്തിനായായിരുന്നു വിക്ഷേപണം. മൂന്നു വർഷത്തേക്കായിരുന്നു പഠന ലക്ഷ്യം.
കഴിഞ്ഞവര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു.

ബഹിരാകാശ മാലിന്യങ്ങൾക്കെതിരെ കരുതൽ
പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്ക് ഭീഷണിയാവുന്നതും മലിനീകരണവും തടയുക എന്ന ഉത്തരവാദിത്വത്തോടെയാണ് ഇന്ന് ബഹിരാകാശ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം അനുസരിച്ച് കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണം. അത് ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ട് സുരക്ഷിതമായിതന്നെ ഇറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ 25 വര്‍ഷത്തില്‍ താഴെ മാത്രം നിലനില്ക്കാന് സാധിക്കുന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവരണം.
ഇതില്‍ രണ്ടാമത്തെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ചില തടസങ്ങളുള്ളതിനാല്‍. ആദ്യത്തെ നിര്‍ദേശമാണ് ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്.
ഭാരമേറിയ ഇത്തരം ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തിലെ ഘര്‍ഷണം മറികടന്ന് താഴെ പതിക്കാന്‍ കെല്‍പ്പുള്ളവയാണ്. നിയന്ത്രണമില്ലാതെ ഇത് ചെയ്താല്‍ അത് ചിലപ്പോള്‍ ഭൂമിയിലുള്ളവര്‍ക്ക് ഭീഷണി ആയേക്കും. ഇക്കാരണത്താല്‍ നിയന്ത്രിച്ചുകൊണ്ട് തിരിച്ചിറക്കാനാവും വിധമാണ് പുതിയ തരം ഉപഗ്രഹങ്ങള്‍ രൂപകല്പന ചെയ്തുവരുന്നത്.
2022 ഓഗസ്റ്റ് മുതല്‍ തന്നെ മെഘാ ട്രോപിക്സിന്റെ സഞ്ചാര പഥം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.


