ഗുജറാത്തില്‍ 135 പേരുടെ മരണത്തിന് ഇടയാക്കി തകര്‍ന്ന മോര്‍ബി തൂക്കുപാലത്തിൻ്റെ അറ്റകുറ്റപ്പണി കരാര്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്ന് ഹൈക്കോടതി. ഒറേവ ഗ്രൂപ്പിന് കീഴിലെ അജന്ത മാനുഫാക്ചറിങ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന കണ്ടെത്തിലിന് പിന്നാലെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യം.
ഒന്നരപ്പേജ് മാത്രമുള്ള കരാര്‍ നിബന്ധനകളിലാണ് മോര്‍ബി മുന്‍സിപ്പാലിറ്റിയും കമ്പനിയും ഒപ്പുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നൂറുവർഷം പഴക്കമുള്ള പാലത്തിൻ്റെ അറ്റകുറ്റ പണി ഏല്പിച്ചത് ക്ലോക്ക് നിർമ്മാണ കമ്പനിയെ
മുന്‍സിപ്പാലിറ്റിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ കൃത്യവിലോപമുണ്ടായെന്ന് നിരീക്ഷിച്ച കോടതി, അതിന്മേലെടുത്ത നടപടികളുടെ വിവരം കോടതി അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. 2008-ല്‍ കമ്പനിയും രാജ്‌കോട് കളക്ടറും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം 2017 വരെയാണ് കമ്പനിക്ക് തൂക്കുപാലം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍, അതിന് ശേഷവും കമ്പനി വാടക പിരിക്കുന്നതടക്കം തുടര്‍ന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാലത്തിന് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മിഷനും കഴിഞ്ഞ നവംബര്‍ ഏഴിന് കോടതി നോട്ടീസ് നല്‍കിയിരുന്നു.
ക്ലോക്ക് നിർമ്മാണ കമ്പനി കരാർ ഏറ്റെടുത്ത് ദേവപ്രകാശ് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൈമാറുയായിരുന്നു. Odhavji Raghavji Patel തുടങ്ങിയ കമ്പനിയാണ് അജന്ത, വൈദ്യുത ഉൽപാദന രംഗത്തും എൽ ഇ ഡി ബൾബുകൾ, ബൈക്ക്, ടൈൽസ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ നിർമ്മാണ രംഗത്തും പ്രസിദ്ധമായ കമ്പനിയാണ്. അനുബന്ധമായി റിയൽ എസ്റ്റേറ്റ് ബിസിനസിലും ഇടപെടുന്നു. ഇതിനിടെയാണ് പാലത്തിൻ്റെ കരാർ.
ഗുജറാത്ത് തിരഞ്ഞെടുപ്പിലും ചൂടുള്ള വിഷയം, ബലിയായത് 135 ജീവനുകൾ
കഴിഞ്ഞ ഒക്ടോബര്‍ 30-ന് തൂക്കുപാലം തകര്‍ന്നതിനെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും ഇത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തരമന്ത്രാലയം, മുന്‍സിപ്പാലിറ്റീസ് കമ്മീഷണര്‍, മോര്‍ബി മുന്‍സിപ്പാലിറ്റി, ജില്ലാ കലക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെയായിരുന്നു കേസില്‍ കക്ഷി ചേര്‍ത്തിരുന്നത്.


