ചൈനയിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങ് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാൻ ആണ് മാർച്ച് പാസ്റ്റിൽ ആദ്യം പങ്കെടുത്തത്. അഫ്ഗാനിൽ നിന്ന് 130 പുരുക്ഷ അത്‌ലറ്റുകളാണ് ഏഷ്യാഡിൽ പങ്കെടുക്കുന്നത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാകയും വേദിയിൽ ഉയർത്തി.
ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്‌ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി. കാക്കി നിറത്തിലുള്ള സാരി ധരിച്ചാണ് ലവ്‌ലിന ഇന്ത്യൻ പതാകയേന്തിയത്. കുർത്തയായിരുന്നു ഹർമ്മൻ പ്രീതിന്റെ വേഷം. 650തിലധികം വരുന്ന ഇന്ത്യൻ കായിക സംഘം കൈയിൽ ത്രിവർണ പതാകയുമായി പതാകവാഹകരെ അനുഗമിച്ചു.
പരമ്പരാഗത ചൈനീസ് കലാരൂപങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യയും ചേർത്തിണക്കിയ കലാരൂപങ്ങളാണ് ചൈന വേദിയിൽ അവതരിപ്പിച്ചത്. ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പ് 16 ദിവസം നീണ്ടുനിൽക്കും. 45 രാജ്യങ്ങൾ ഏഷ്യൻ കായിക മാമാങ്കത്തിൽ പങ്കെടുക്കും.
ഏറ്റവും വലിയ ടീം ഇന്ത്യയുടെ
655 അത്‌ലറ്റുകളാണ് ഏഷ്യൻ വേദിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് ഇത്രയധികം കായിക താരങ്ങളെ ഇന്ത്യ എഷ്യൻ ഗെയിംസിന് അയക്കുന്നത്. നാല് വർഷത്തിലൊരിക്കലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.
40 കായിക വിഭാഗങ്ങളിലായി 481 മത്സരങ്ങളുണ്ട്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കായികമേളയാണ് കൊവിഡ് മൂലം ഇക്കൊല്ലത്തേയ്ക്ക് മാറ്റിയത്. അതിനാൽ ഏഷ്യൻ ഗെയിംസ് 2022 എന്ന പേരിലാണ് ഇത്തവണത്തെ മേള അറിയപ്പെടുക.
ആശയം മെയിഡ് ഇൻ ഇന്ത്യ
ഇന്ത്യൻ സ്പോർട്സ് അഡ്മിനിസ്ട്രേറ്ററായിരുന്നു പ്രൊഫ. ഗുരുദത്ത് സോന്ധിയാണ് ഏഷ്യൻ ഗെയിംസ് എന്ന ആശയം മുന്നോട്ടുവച്ചത്. ഏഷ്യയിലെ ഏല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഒരു കായിക മാമാങ്കം എന്ന ആശയത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു പിന്തുണ നൽകി. 1949 ഫെബ്രുവരി 12ന് ഒൻപത് രാജ്യങ്ങളിൽനിന്നുളള പ്രതിനിധികൾ പങ്കെടുത്ത് ഏഷ്യൻ ഗെയിംസ് നടത്തിപ്പിനെ കുറിച്ച് ചർച്ചകൾ നടത്തി. പിറ്റേന്ന് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ നിലവിൽവന്നു. ആദ്യം ഏഷ്യാറ്റിക് ഗെയിംസ് എന്നായിരുന്നു പേര്. ഇതിനെ ഏഷ്യൻ ഗെയിംസെന്ന് നെഹ്റു പുനർനാമകരണം ചെയ്തു.
ചൈന വീണ്ടും
ഏഷ്യൻ ഗെയിംസിന്റെ 18 പതിപ്പുകളിലും ഇന്ത്യ പങ്കെടുത്തു. ഇതുവരെ ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് 155 സ്വർണമടക്കം 672 മെഡലുകൾ. 1951ൽ രണ്ടാം സ്‌ഥാനത്ത് എത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 1474 സ്വർണം നേടിയ ചൈനയാണ് സ്വർണവേട്ടയിൽ ഒന്നാമത്. നിലവിലെ ചാമ്പ്യൻഷിപ്പും ചൈനയ്ക്ക് തന്നെ. ഇത്തവണ ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഗെയിംസിന് ഓഗസ്റ്റ് 19ന് അനൗദ്യോഗിക തുടക്കം കുറിച്ചിരുന്നു.