കേരളത്തെ ഞെട്ടിച്ച മദ്യദുരന്തക്കേസിൽ മണിച്ചൻ ഉൾപ്പെടെ മുഖ്യപ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേർ പിടഞ്ഞുമരിച്ച കേസിൽ രണ്ട് പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജി. മോഹൻരാജ് പറയുന്നു.
“തമിഴ്നാട്ടിൽ സ്ഥിര താമസക്കാരനായ വടകര സ്വദേശി മഹേഷും വ്യാജമദ്യവിതരണ സംഘത്തിന്റെ സഹായിയായ ചിറയിൻകീഴ് സ്വദേശി ബിനുവുമാണ് കേസിൽ ഇനിയും അറസ്റ്റിലാകാനുള്ളത്. ഇവരിൽ മഹേഷ് അടുത്തിടെ വിഷമദ്യദുരന്ത കേസിൽ നിന്നൊഴിവാകാൻ കോടതിയെ സമീപിച്ചതായി അറിവ് ലഭിച്ചിട്ടുണ്ട്”. കേസിൽ 22 വർഷമായി പിടികൊടുക്കാതെ ഒളിച്ചു കഴിയുകയാണ്. മാത്രമല്ല ഇയാൾ അടുത്ത് തന്നെ ഉണ്ടെന്നും വ്യക്തമാവുന്നു.
കല്ലുവാതുക്കൽ കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിനു വ്യാജമദ്യ വിതരണത്തിൽ ഇരുവരും വഹിച്ച പങ്കു വ്യക്തമായി തിരിച്ചറിയാനായെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബംഗളൂരുവിൽ നിന്നു ടാങ്കർ ലോറികളിൽ മണിച്ചന്റെ രഹസ്യ ഗോഡൗണുകളിൽ സ്പിരിറ്റ് എത്തിക്കുന്നവരിൽ പ്രധാനിയായിരുന്നു മഹേഷ്. മണിച്ചന്റെ വ്യാജമദ്യ വിതരണ സംഘത്തിലെ സഹായികളിൽ ഒരാളാണ് ബിനു. ഇയാൾക്ക് മോൻകുട്ടൻ എന്നും പേരുണ്ട്. ഈ പ്രതികളെ പിടികൂടാൻ നിലവിൽ യാതൊരു നീക്കവും ഇല്ലതാനും.
കല്ലുവാതുക്കൽ മദ്യദുരന്തം സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ലോക്കൽ പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും പ്രഗത്ഭരായ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു. ഈ അന്വേഷണ സംഘം ഇപ്പോൾ നിലവിലില്ല. അതിനാൽ പിടികിട്ടാപ്പുള്ളികളായി തുടരുന്ന പ്രതികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതും ആരാണെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.”
രാഷ്ട്രീയ ബന്ധങ്ങൾ മറനീക്കിയ കേസ്
കേരളം മാത്രമല്ല, രാജ്യം മുഴവൻ ശ്രദ്ധിച്ചതായിരുന്നു കല്ലുവാതുക്കൽ മദ്യദുരന്തക്കേസിന്റെ വിചാരണ. അഡിഷണൽ സെഷൻസ് ജഡ്ജി ചന്ദ്രദാസ് നാടാരാണ് വിധി പറഞ്ഞത്. ഏഴാംപ്രതിയായ മണിച്ചനെ ജീവപര്യന്തത്തിനു പുറമെ, 43 കൊല്ലം തടവിനും ശിക്ഷിച്ചു. ഒന്നാംപ്രതി കല്ലുവാതുക്കൽ താത്ത എന്ന ഹയറുന്നിസ ജയിൽ വാസത്തിനിടെ 2009 ൽ രോഗബാധിതയായി മരിച്ചു. ഭർത്താവ് രാജനും ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ടു.
നായനാർ സർക്കാർ ഭരിക്കുമ്പോഴാണ് കേസ് ദുരന്തം ഉണ്ടായത്. മണിച്ചൻ്റെ പാർട്ടി ബന്ധങ്ങൾ അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച ചർച്ചയായി.


