കോൺഗ്രസ് നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകി. ജൂൺ 13ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്.
നേരത്തെ ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാവാൻആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദേശത്തായതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 13 ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നൽകിയത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം.
2010ൽ 50 ലക്ഷം രൂപയ്‌ക്ക് എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന് കൈമാറിയത് വിവാദമായി. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് എജെഎല്ലിൻ്റെത് എന്നാണ് മൂല്യ നിർണ്ണയം ചെയ്യപ്പെട്ടിരുന്നത്.
ഇടപാടിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമി 2013ലാണ് പരാതി നൽകിയത്. ഈ പരാതിയെ തുടർന്ന് ഇപ്പോഴാണ് ഇഡി നടപടി.