2027ലെ എഎഫ്സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് തീരുമാനം പ്രഖ്യാപിച്ചത്.
സൗദിയോടൊപ്പം ടൂർണമെന്റിന്റെ നടത്തിപ്പവകാശത്തിന് വേണ്ടി ഉസ്ബെക്കിസ്താനും ഇന്ത്യയും ഖത്തറും ശ്രമിച്ചിരുന്നു. പക്ഷെ ടൂർണമെന്റ് നടത്തുന്നതിനായുള്ള ലേലത്തിൽ നിന്ന് ഇന്ത്യ ഡിസംബറിൽ പിൻവാങ്ങി.
ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രമുഹൂർത്തമാണെന്ന് സൗദി അറേബ്യയുടെ കായിക മന്ത്രിയും ഒളിമ്പിക് – പാരാലിമ്പിക് കമ്മിറ്റിയുടെ ചെയർമാനുമായ എച്ച്ആർഎച്ച് പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
ഏഷ്യൻ ഫുട്ബോളിൽ മുൻ നിരയിലേക്ക് കടന്നു വരൻ ആഗ്രഹിക്കുന്ന സൗദി അറേബ്യക്ക് സുവർണാവസരമാണ് ഈ ടൂർണമെന്റ്. കഴിഞ്ഞ 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് എതിരെ നേടിയ അട്ടിമറി വിജയത്തിലൂടെ ലോക ഫുട്ബോൾ ആരാധരുടെ ശ്രദ്ധ രാജ്യം ആകർഷിച്ചിരുന്നു. കൂടാതെ, കരിയറിൽ അഞ്ച് ബാലൺഡോറുകൾ നേടിയ സൂപ്പർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.


