മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ സമ്മതിച്ചു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി. ആശുപത്രിയിൽ അടിസ്ഥാന സൌകര്യങ്ങൾ പോലുമില്ല. ഇതാണ് മരണത്തിന് കാരണം എന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
’70 മുതൽ 80 കിലോമീറ്റർ ചുറ്റളവിൽ ഈ രീതിയിലുള്ള ഒരു പരിചരണ കേന്ദ്രം ഇത് മാത്രമാണ്. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികൾ എത്തുന്നുണ്ട്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കും. അടുത്തിടെ ജീവനക്കാരിൽ ചിലരെ സ്ഥലം മാറ്റിയതിനെത്തുടർന്ന് ആശുപത്രിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു’- ആശുപത്രി ഡീൻ പറഞ്ഞു.
സംഭവത്തിൽ, സംസ്ഥാനത്തെ ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് എൻ.സി.പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.


