2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി ബസനഗൗഡ പാട്ടീൽ യത്നൽ.കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമാണ് ഇദ്ദേഹം. ഡൽഹിയിൽനിന്നെത്തിയവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തിത്തരാം എന്നാണ് ആദ്യ വാഗ്ദാനം. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നതായി യത്നൽ പറഞ്ഞു. ബെലഗാവിയിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് വെളിപ്പെടുത്തൽ
വിജയ്പൂർ സിറ്റിയിൽ നിന്നുള്ള ബി ജെ പി എം എൽ എയാണ് ഇദ്ദേഹം. ടെക്സ്റ്റൈൽസ്, റെയിൽവേ വകുപ്പുകളിൽ കേന്ദ്ര സഹ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ആരോപണത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രിയായ യത്നലിന്റെ ആരോപണത്തെ ഗൗരവമായെടുക്കണമെന്ന് കർണാടക.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.