5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.
2023 ജനുവരിയിൽ കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കും എന്നാണ് ജിയോ പ്രഖ്യാപനം
എയർടെലിന്റെ 5ജി സേവനങ്ങൾ കൊച്ചി നഗരപരിധിയിൽ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങൾ പൊതുജനങ്ങൾക്ക് മാത്രമല്ല, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5ജി സേവനം ലഭിക്കാൻ
പ്രാരംഭഘട്ടത്തിൽ 5ജി സേവനങ്ങൾക്കായി ജിയോ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 5ജി പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ് സെറ്റ് ഉള്ളവർക്കു മാത്രമേ സേവനം ഉപയോഗിക്കാനാകൂ. ജിയോ സിം മാറേണ്ടതില്ല. പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാനോ ഉപയോഗിക്കുന്നവർക്കാണ് സേവനം ലഭിക്കുക.
തുടക്കത്തിൽ ‘വെൽക്കം ഓഫർ’ ലഭിക്കുന്നവർക്ക് മാത്രമേ 5ജി സേവനം ഉപയോഗിക്കാനാകൂ. ഇത് അറിയാൻ മൊബൈലിലെ ‘മൈ ജിയോ’ ആപ്പ് തുറക്കുമ്പോൾ ‘വെൽക്കം ഓഫർ’ എന്ന് തെളിയുന്നുണ്ടോ എന്നു പരിശോധിക്കുക. അത് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ അത് തിരഞ്ഞെടുക്കുക.
ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്്വർക്കിൽ ജിയോ തിരഞ്ഞെടുക്കണം. തുടർന്ന് പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് എന്ന ഓപ്ഷനിൽ 5ജി തിരഞ്ഞെടുക്കുക. ഇതോടെ, ഫോണിന്റെ മുകളിൽ 5ജി അടയാളം തെളിയും. അതോടെ, 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.
സെക്കൻഡിൽ ഒരു ജി.ബി. വരെ ഡേറ്റ വേഗമാണ് ജിയോ അവകാശപ്പെടുന്നത്. 4ജി ശൃംഖലയെ ആശ്രയിക്കാതെ പൂർണമായും സ്വതന്ത്രമായ സേവനമാണ് ‘ട്രൂ 5ജി’യിലൂടെ ജിയോ ഒരുക്കുന്നത്. അതിനാലാണ് ഈ വേഗം ഉറപ്പാക്കാനാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
4ജി തൂങ്ങി നിൽക്കുമ്പോൾ
മറ്റു നെറ്റ് വർക്കുകളെ അപേക്ഷിച്ച് ജിയോയ്ക്ക് ഇപ്പോൾ ലേറ്റൻസി കൂടുതലാണ്. ഇത് 2ജി 3 ജി സംവിധാനങ്ങൾ ഇല്ലാതെ 4ജിയിലേക്ക് എത്തുമ്പോഴുള്ള പ്രശ്നമാണ് എന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതര മൊബൈൽ ദാതാക്കളുടെ ടവർ പരിധിയിൽ എളുപ്പം നടക്കുന്ന ഡാറ്റാ കൈമാറ്റം ജിയോയിൽ മെല്ലെയാണ് സാധ്യമായി തുടങ്ങുന്നത്.