2022 – 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായപ്പോൾ സർക്കാർ മാനേജ്മെൻ്റ് തസ്തികകൾ ഒപ്പത്തിനൊപ്പം. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അധ്യാപക നിയമനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവം വലിയ ഏജൻസി കച്ചവടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസ അധികൃതരും ഏജൻ്റുമാരും ഉൾപ്പെടുന്ന വലിയ ശൃഖല തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. ഓരോ സർക്കാരുകളും അധികാരത്തിൽ വരുമ്പോൾ മാനേജ്മെൻറ് സീറ്റുകൾ പി എസ് സിക്ക് വിടും എന്നു പ്രഖ്യാപിക്കും എങ്കിലും വലിയ സാമ്പത്തിക ലോബിക്ക് മുന്നിൽ പാർട്ടികൾ നിശ്ശബ്ദമാണ്. ഇതിൽ ബഹു ഭൂരിപക്ഷം രാഷ്ട്രീയ താത്പര്യങ്ങൾ പ്രവർത്തിക്കുന്നു എന്നത് മറച്ചു വെക്കപ്പെടുകയാണ് പതിവ്.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. സർക്കാർ മേഖലയിൽ 694-ഉം എയ്ഡഡ് മേഖലയിൽ 889-ഉം തസ്തികകൾ ആണ് മലപ്പുറത്ത് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകൾ.
- എച്ച്.എസ്.ടി. – സർക്കാർ – 740, എയിഡഡ് -568
- യു.പി.എസ്.ടി. – സർക്കാർ – 730,എയിഡഡ് – 737
- എൽ.പി.എസ്.ടി. – സർക്കാർ -1086,എയിഡഡ്- 978
- എൽ.പി., യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463,എയിഡഡ്- 604.
- 2019 – 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 – 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ – സർക്കാർ – 1638, എയിഡഡ്-2925.
ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


