5ജി വെറും കമ്മ്യൂണിക്കേഷൻ സൌകര്യങ്ങളിലെ വിപ്ലവമല്ല. ഈ രംഗത്ത് ഇപ്പോൾ തന്നെ ഒരു ലക്ഷത്തിൽ അധികം സാങ്കേതിക വിദഗ്ധരുടെ കുറവുണ്ട്. ഫൈവ് ജിയും അനുബന്ധ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട നൈപുണ്യവികസനത്തില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ. രാജാരാമന്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ ഈ രംഗത്ത് 1.4 ലക്ഷം തൊഴിലാളികളുടെ കുറവുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ടെലികോം വകുപ്പ്. അതിനാല്‍, കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമാണ്. ഡല്‍ഹി ആസ്ഥാനമായ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ (ടി.എസ്.എസ്.സി.) കണക്കുപ്രകാരം, 2025ഓടെ രണ്ടുകോടിയിലധികം വിദഗ്ധരെ ആവശ്യമാണ്.
ഈ മേഖലയുമായി ബന്ധപ്പെട്ട് 58 കോഴ്‌സുകള്‍ ടി.എസ്.എസ്.സി. വികസിപ്പിച്ചിട്ടുണ്ട്. അതിനുപുറമേ, ബിരുദ വിദ്യാര്‍ഥികള്‍ക്കായി 5ജി അധിഷ്ഠിത ഓപ്ഷണല്‍ കോഴ്‌സ് എ.ഐ.സി.ടി.ഇ. ആരംഭിച്ചു. പോളിടെക്‌നിക്കുകളിലും ഐ.ടി.ഐ.കളിലും നടത്തുന്ന ചില കോഴ്‌സുകള്‍ 5ജിക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്ന് നൈപുണ്യവികസന മന്ത്രാലയത്തോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
5ജി സേവനങ്ങള്‍ വ്യാപകമാക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ബോധവൽക്കരണം ആവശ്യമാണ്. ഏത് സംസ്ഥാനമാണ് ആദ്യം ഈ രംഗത്തെ ആവശ്യങ്ങൾ മനസിലാക്കി കോഴ്സുകൾ രൂപകല്പന ചെയ്യുന്നത് എന്നത് പ്രധാനമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അനവധി സാധ്യകളുണ്ട്. പക്ഷെ എത്ര പെട്ടെന്ന് എത്രമാത്രം ആസൂത്രണത്തോടെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.


