
ഇന്ത്യയിൽ ഇപ്പോഴും 25000 ത്തിലധികം ഗ്രാമങ്ങളിൽ മൊബൈൽ മൊബൈൽ ഫോൺ കണക്ടിവിറ്റി ഇല്ല. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഔദ്ധ്യോഗിക കണക്ക് പ്രകാരമാണിത്.
രാജ്യത്ത് ജനവാസമുള്ള 5,97,618 ഗ്രാമങ്ങളാണ് ഉള്ളത്. ഇവയിൽ 25,067 ഗ്രാമങ്ങളിലും മൊബൈൽ കണക്‌ടിവിറ്റിയും ഇൻറർനെറ്റും ഇനിയും എത്തിയിട്ടില്ല. ടെലികോം സേവന ദാതാക്കളുടെ (ടിഎസ്‌പി) ഡാറ്റയെ അടിസ്ഥാനമാക്കി ലോക്‌സഭയിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് മറുപടി നൽകിയത്.
ഒഡീഷയിയാണ് ഏറ്റവം പരിതാപകരമായ അവസ്ഥയിൽ തുടരുന്നത്. ഇവിടെ 6099 ഗ്രാമങ്ങളിലാണ് മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്തത്. ഇത്തരം ഗ്രാമങ്ങളിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിരുന്നത് ബി എസ് എൻ എൽ ആണ്. എന്നാൽ സ്പെക്ട്രം അനുവദിക്കാതെയും വികസന സാധ്യതകൾ പരിമിതപ്പെടുത്തിയും നിയന്ത്രിച്ചതോടെ ഗ്രാമങ്ങൾക്ക് പ്രതീക്ഷയറ്റു. സ്വകാര്യ കമ്പനികൾ ലാഭകരമല്ലെന്ന കണക്കു കൂട്ടലിൽ ഉൾഗ്രാമങ്ങളിൽ സൌകര്യങ്ങൾ ഏർപ്പെടുത്താനും തയാറാവുന്നില്ല.

കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളുടെ കണക്കിൽ മധ്യപ്രദേശാണ് (2612) രണ്ടാമത്, മഹാരാഷ്‌ട്ര (2328), അരുണാചൽദേശ് (2223), ചത്തീസ്‌ഗഢ് (1847), ആന്ധ്രാപ്രദേശ് (1787), മേഘാലയ (1674), ജാർഖണ്ഡ് (1144), രാജസ്ഥാൻ (941) എന്നിങ്ങനെയാണ് പിന്നീടുള്ള കണക്കുകൾ.
കേരളത്തിൽ മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത ഒരു ഗ്രാമംപോലുമില്ല. വന പ്രദേശങ്ങൾക്ക് ചേർന്നുള്ള ഗ്രാമങ്ങൾ പരിമിതമായ നെറ്റ് വർക്ക് സൌകര്യത്തിന് അകത്താണ്. കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത ഗ്രാമങ്ങൾ താരതമ്യേന കുറവാണ്.