ഡെല്‍ഹി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയിൽ നിന്നുള്ള പട്ടികയിൽ ഓസ്‌കാർ പരിഗണനയ്ക്കു് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ചീഫ് റിപ്പോര്‍ട്ടര്‍ മീര നയിക്കുന്ന ദളിത് സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏകപത്രമായ ‘ഖബര്‍ ലഹാരിയ’ എന്ന മാധ്യമത്തിന്റെ കഥയാണ് ഇതില്‍ വിവരിക്കുന്നത്. (Writing With Fire)
ഓസ്‌കാര്‍ നോമിനേഷനോടുള്ള തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന്റെ വീഡിയോ ചൊവ്വാഴ്ച റിന്റു തോമസ് പോസ്റ്റ് ചെയ്തിരുന്നു. 2021ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിക്ക് പ്രത്യേക ജൂറി അവാര്‍ഡും ഓഡിയന്‍സ് അവാര്‍ഡുകളും ലഭിച്ചിരുന്നു.
പ്രിന്റില്‍ നിന്നും തുടങ്ങി ഡിജിറ്റലിടങ്ങളിലേക്ക് മാറിയ മാധ്യമമാണ് ഖബര്‍ ലഹാരിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരന്തര്‍ എന്ന എന്‍.ജി.ഒ യും കവിതാ ദേവി എന്ന സ്ത്രീയുമാണ് പത്രം ആരംഭിച്ചതിന് പിന്നില്‍. യു.പിയിലെ ചിത്രകൂടില്‍ നിന്നാണ് പത്രം ആരംഭിച്ചത്. 2014ല്‍ ഖബര്‍ ലഹാരിയ ഓണ്‍ലൈന്‍ പതിപ്പിന് ജര്‍മന്‍ മാധ്യമസ്ഥാപനമായ ഡോയ്ചെ വെലെയുടെ ഗ്ലോബല്‍ മീഡിയാഫോറം പുരസ്‌കാരം ലഭിച്ചിരുന്നു.
ദളിത്, പിന്നാക്ക വിഭാഗങ്ങളിലുള്ള നാല്‍പതോളം വനിതകളാണ് 80,000ത്തോളം വായനക്കാരുള്ള ഖബര്‍ ലഹാരിയായില്‍ ജോലി ചെയ്യുന്നത്. ഇതിലെ പല സ്ത്രീകളും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരല്ല. നിരന്തര്‍ തന്നെയാണ് ഇവര്‍ക്ക് പത്രത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പരിശീലനം നല്‍കുന്നത്. ഭാജ്പൂരി, ആവാധി, ബുന്ദേലി, ഹേിന്ദുസ്ഥാനി, ബജ്ജിക ഭാഷകളിലാണ് പത്രം പുറത്തിറങ്ങുന്നത്.