സമാജ്വാദി പാര്‍ട്ടിയെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന് പരിഹസിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുടുംബമുണ്ടാകുക കുടുംബസ്ഥനാവുക എന്നതില്‍ അഭിമാനിക്കുന്ന ആളാണെന്നും കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യം രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും അപകടകരമാണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെയും പ്രധാനമന്ത്രി മോദിയുടെയും വിമര്‍ശനത്തിനാണ് അഖിലേഷ് മറുപടി നല്‍കിയത്.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് സ്വന്തം വീടുകളിലേക്ക് കുടുംബത്തോടൊപ്പം എത്താന്‍ പരിശ്രമിച്ച തൊഴിലാളികഴുടെ വേദന ഒരു കുടുംബം ഉണ്ടായിരുന്നെങ്കില്‍ യോഗി ആദിത്യനാഥിന് മനസ്സിലാകുമായിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് അഴിമതിയുടെ ഇരട്ട എഞ്ചിന് മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും സംരക്ഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിലും അദ്ദേഹം യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കര്‍ഷകരുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് അഖിലേഷ് വിമര്‍ശമുന്നയിച്ചു.