മണിപ്പൂരിൽ 2017 തിരഞ്ഞെടുപ്പിൽ സഹന സമര നായിക ഇറോം ശർമ്മിള നേടിയ ശ്രദ്ധ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് തനോജാം ബൃന്ദ എന്ന സിവിൽ സർവ്വീസുകാരി യുവതിയാണ്. സർവ്വീസിൽ കയറിയ ശേഷം സംസ്ഥാനത്തെ മയക്കു മരുന്നു ലോബിയുടെ നട്ടെല്ലൊടിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അവർ തൊഴിൽ ഉപേക്ഷിച്ച് പുറത്ത് വന്ന് ജനവിധി തേടുകയാണ്.
അഴിമതിക്കും അധികാരവും മയക്കുമരുന്നു ലോബികളും അവിശുദ്ധ ബന്ധങ്ങൾക്കും എതിരെ പൊരുതി പൊലീസ് മെഡൽ സ്വന്തമാക്കിയ തനോജാം ബൃന്ദ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യാസിക്കൂൾ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 2012 ബാച്ച് ഐ പി എസ് ഓഫീസറായ ബൃന്ദ സ്വന്തം ദേശത്തെ യുവാക്കൾക്ക് അഴിമതിക്ക് എതിരെ പൊരുതാനുള്ള ആഹ്വാനം പകർന്നു കൊണ്ടാണ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുന്നത്.
അധികാരത്തിലിരുന്നവർക്ക് സ്ഥിരം അലോരസമുണ്ടാക്കിയ ഓഫീസറാണ്. മണിപ്പൂരിലെ അധോലോകവും അധികാരവും മയക്കുമരുന്നു ലോബികളും തമ്മിൽ തീർത്ത ശൃഖലയിൽ വിള്ളൽ വീഴ്ത്തിയതിന് സർവ്വീസിൽ നിരന്തരം വേട്ടയാടപ്പെട്ടു.
പ്രബല കക്ഷികളുടെ ഒന്നും ഭാഗമാവാതെ ജനതാദൾ യുണൈറ്റഡ് എന്ന പേരിനു മാത്രം സംസ്ഥാനത്ത് സാന്നിധ്യമുള്ള സംഘടനയുടെ ഭാഗമായാണ് ഇപ്പോൾ സ്ഥാനാഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിവുറ്റ ഓഫീസർ എന്ന മേൽവിലാസം മാത്രമല്ല അവർക്കുള്ളത്. United National Liberation Front (UNLF) ചെയർമാനായിരുന്ന മേഘൻ്റെ മരുമകളാണ്.
സനയായ്മ എന്ന പേരിലറിയപ്പെട്ട മേഘൻ മണിപ്പൂരിൻ്റെ സോഷ്യലിസ്റ്റ് സർവ്വാധികാരത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ഇന്ത്യയ്ക്കും ഇന്ത്യൻ ആർമിക്കും എതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെട്ടു. എങ്കിലും ആർമിക്ക് എതിരെയല്ല മണിപ്പൂരിനെ കോളനിയായി കാണുന്ന സമീപനത്തിന് എതിരായാണ് നിലകൊള്ളുന്നത് എന്നായിരുന്നു ഇദ്ദേഹത്തിൻ്റെ വിശദീകരണം. തിരഞ്ഞെടുപ്പുകളിൽ വിശ്വാസം നഷ്ടപ്പെട്ട് സായുധ കലാപത്തിൻ്റെ വഴിയിലായിരുന്നു. 2010 ൽ അറസ്റ്റ് ചെയ്യപ്പെട്ടു.
ബൃന്ദയുടെ പോരാട്ടം മയക്കുമരുന്ന് രാജാക്കൾക്ക് എതിരെ ആയിരുന്നു എങ്കിലും ചെന്ന് തറച്ചത് രാഷ്ട്രീയ അധികരാത്തിന് നേരെയായിരുന്നു. 2018 ൽ ചണ്ടേൽ ജില്ലയുടെ ഓട്ടോണമസ് കൌൺസിൽ ചെയർമാനെയും കൂട്ടരെയും ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഉന്നതെ പൊലീസ് ബഹുമതി നേടി. പക്ഷെ 2020 ഈ സംഘം തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കപ്പെട്ടു. തനോജാം ബൃന്ദ പൊലീസ് മെഡൽ തിരിച്ചു കൊടുത്തു.
ഇതോടെ തന്നെ മണിപ്പൂരിൻ്റെ വർത്തമാനങ്ങളിൽ ബൃന്ദയുടെ പുതിയ കർമ്മ മണ്ഡലം സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടാൻ പറ്റിയ ഇടമായിരുന്നില്ല അവർ തിരഞ്ഞെടുത്തത്. ഇപ്പോൾ ജനങ്ങൾക്ക് ഇടയിലേക്ക് തിരഞ്ഞെടുപ്പിനായി ഇറങ്ങിയിരിക്കയാണ്.
ആയിരക്കണക്കിന് ഏക്കറുകളിലെ ഓപ്പിയം പാടങ്ങളുടെ മറവിലാണ് മണിപ്പൂരിലെ പല അധികാര ബന്ധങ്ങളും. ഇതിനെ ഇല്ലായ്മ ചെയ്യാൻ റിസർച്ച് ടീം രൂപീകരിച്ചായിരുന്നു സർവ്വീസിലെ ബൃന്ദയുടെ മുന്നേറ്റം. സേനകൾക്ക് നൽകിയിരിക്കുന്ന പ്രത്യേകാധികാര നിയമ (AFSPA) സംരക്ഷണത്തെ തുറന്ന് എതിർക്കുന്നു. അനധികൃത കുടിയേറ്റം ഇല്ലായ്മ ചെയ്ത് മണിപ്പൂരിൻ്റെ ഗോത്ര വിശുദ്ധി കാക്കണം എന്ന നിലപാടും പരസ്യമായി പ്രകടിപ്പിച്ചു.
താരതമ്യേന അഴിമതി വിമുക്തമായത് എന്ന നിലയ്ക്ക് ചെറിയ പാർട്ടികളാണ് മികച്ചതായി കാണുന്നത്. ഇതിന് തൻ്റെ നാട്ടാകാർക്ക് ഇടയിൽ സ്വീകാര്യതയുണ്ടെന്നും അവർ പറയുന്നു.