ആന്ധ്രാപ്രദേശില്‍ ഇനിമുതൽ 26 ജില്ലകൾ. ജില്ലകൾ നിലവിൽ വന്നതായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ഇതുവരെ 13 ജില്ലകൾ ഉണ്ടായിരുന്നതാണ് 26 ആയി വർധിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ഒമ്പത് ജില്ലകൾ ആന്ധ്രപ്രദേശ് വിട്ടുനൽകിയിരുന്നു.
മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍.
ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.
വില്ലേജ്, വാര്‍ഡ്, സെക്രട്ടേറിയറ്റുകള്‍, എന്നിവ രൂപീകരിച്ചിട്ടുണ്ട്. ജന സംഖ്യയില്‍ ഒന്നാമത് നെല്ലുരാണെങ്കിലും വിസ്തൃതിയുടെ കാര്യത്തില്‍ പ്രകാശം ജില്ലയാണ് ഒന്നാമതുള്ളത്. 14,322 ചതുരശ്ര കിലോമീറ്ററാണ് ഇതിന്‍റെ വിസ്തൃതി.
ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് 1956 നവംബര്‍ 1നാണ്. അന്ന് നിലവിലുണ്ടായിരുന്ന തെലുഗു സംസാരി ഹൈദരാബാദ്, ആന്ധ്ര എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിച്ചത്.
2014ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചത്. ജൂണ്‍ രണ്ടിനാണ് 23 ജില്ലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയത്.
പുതിയ ജില്ലകൾ വരുന്നതോടെയുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനായി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പുതിയതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്ടർമാരെയും പൊലീസ് സൂപ്രണ്ടുമാരെയും സർക്കാർ നിയമിച്ചു.