രാമ നവമിയുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിച്ചു വിട്ട ആക്രമണ സംഭവങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും നിഷേധവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുണ്ടായ അക്രമ സംഭവങ്ങളുടെയും വിവിധ സംസ്ഥാനങ്ങിൽ ഉയർത്തിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
‘വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം’, രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.
രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പോലീസുകാരനടക്കം 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. ഝാര്‍ഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങള്‍ അരങ്ങേറി. ഝാര്‍ഖണ്ഡില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മത വർഗ്ഗീയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകോപനങ്ങൾ.
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെ.എന്‍.യു.വിലുണ്ടായ സംഘര്‍ഷത്തില്‍ കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ എ.ബി.വി.പി. ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇടതുസംഘടനയിലെ വിദ്യാര്‍ഥികളാണെന്ന് എ.ബി.വി.പി.യും അവകാശപ്പെട്ടു.
ജെ എൻ യു കാമ്പസിനുള്ളില്‍ മാംസാംഹാരം വിലക്കിയ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്ന് ഇടതുവിദ്യാര്‍ഥി സംഘടന നേതാവ് ഐഷ ഘോഷ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
നവരാത്രി ആഘോഷങ്ങളെത്തുടര്‍ന്ന് പത്ത് ദിവസം ഡല്‍ഹിയില്‍ ഇറച്ചിക്കടകള്‍ അടച്ചിടണമെന്നുള്ള സൗത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ മേയറുടെ ഉത്തരവ് ഏറെ വിവാദമായിരുന്നു. വിഷയത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ കേസെടുക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.