മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും അവശതയും ഉണ്ടായി. പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തു. ഇതോടെയാണ് പരിശോധനാ നിർദ്ദേശവുമായി മന്ത്രി എത്തിയത്.
സംഭവം വാർത്തയായതോടെ വിപണിയിൽ മീനിന് വൻ ഡിമാൻ്റാണ്. ചെറു മാർക്കറ്റുകളിൽ ഒന്നിലും മത്സ്യം വില്പനയ്ക്ക് എത്തിയില്ല. വിദേശങ്ങളിൽ നിന്ന് വരെ കേരളത്തിലേക്ക് മീൻ എത്തുന്നുണ്ട്. എല്ലാം വൻകിട ഏജൻസികളാണ് നിയന്ത്രിക്കുന്നത്. വഴിവക്കിലും ഊടുവഴികളിലും എല്ലാം മത്സ്യവില്പന നടക്കുന്നുണ്ട്. ഇവയ്ക്ക് ഒന്നും പരിശോധനയോ നിയന്ത്രണമോ ഇല്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നത് എന്നാണ് ആരോപണം.
ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു.
തൂക്കുപാലത്ത് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ആദ്യ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് അവര്‍ സ്ഥലത്തെ വെറ്റിറിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഇതിൽ ഒരു പൂച്ച ചത്തു. ഇതേ കാലയളവില്‍ തന്നെ മത്തി കഴിച്ച് പൂച്ച ചത്തതായി അയല്‍വാസികളില്‍ ഒരാളും പരാതിപ്പെട്ടു.
അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസർ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാട്ടിൻപുറങ്ങളിലാണ് ഒരു നിയന്ത്രണവുമില്ലാതെ മത്സ്യം വില്പനയ്ക്ക് എത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിന് വരെ ഇതിൽ ഉത്തരവാദിത്തം ഉണ്ടെങ്കിലും പരിശോധനകൾ പതിവില്ല. എവിടെ നിന്ന് എത്തുന്ന മത്സ്യമാണ് എന്നു പോലും വ്യക്തമല്ലാതെയാണ് വില്പന നടത്തുന്നത്.