ഭാര്യയുടെ ജോയന്റ് അക്കൗണ്ടിൽനിന്നും ഒന്നേകാൽക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. പരാതിയെ തുടർന്ന് ഡൽഹി എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച ഇവരെ ആലപ്പുഴ പോലീസ് അറസ്റ്റുചെയ്തു.
സിജു കെ. ജോസിന്റെ ഭാര്യ അമേരിക്കയിൽ നഴ്സാണ്. തൃശ്ശൂർ സ്വദേശിനിയാണ്. ഇവരുടെയും പേരിൽ പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽനിന്നാണ് പണം മാറ്റിയത്. ഭാര്യ അറിയാതെ ഒരുകോടി ഇരുപതുലക്ഷത്തി നാല്പത്തിഅയ്യായിരം രൂപയാണ് മാറ്റിയത്.
കാമുകി പ്രിയങ്കയുടെ പേരിൽ കായംകുളം എച്ച്.ഡി.എഫ്.സി. ബാങ്കിലെ അക്കൗണ്ടിലേക്കാണു പണം മാറ്റിയത്. തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഇരുവരും പണം ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.
ഭാര്യയുടെ പരാതിയെത്തുടർന്ന് പോലീസ് തട്ടിപ്പിനു കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഇരുവരും ഒളിവിൽപ്പോയി. തുടർന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. നേപ്പാളിൽ ഒളിവിൽക്കഴിഞ്ഞ ഇവർ കഴിഞ്ഞദിവസം ഡൽഹി എയർ പോർട്ടിലെത്തിയതാണ്. ലുക്കൌട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. പൊലീസിൽ അറിയിച്ചു.
തുടർന്നാണ് ആലപ്പുഴ പോലീസെത്തി ഇവരെ അറസ്റ്റുചെയ്തത്.


