പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ മറികടക്കുകയാണ് ലക്ഷ്യം. നേരത്തെ തന്നെ ഈ പരീക്ഷണത്തിന് തീരുമാനം ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ ചോർച്ച കൂടിയതോടെ പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.
“പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്താനും കൂടുതൽ പേർ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്കിടയിൽ പാസ്‌വേഡ് പങ്കുവെക്കൽ എളുപ്പമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനിൽക്കുന്നുണ്ട്.”- എന്നാണ് നെറ്റ്ഫ്ലിക്സ് ഇതിനെ വിശദീകരിക്കുന്നത്.
വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തതയില്ല. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്.
നെറ്റ്ഫ്ലിക്സ് പ്ലാനുകളിലും കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും. ഇന്ത്യയിൽ നിലവിൽ പ്രീമിയം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന് 649 രൂപയാണ്. ഇതിൽ സാധാരണയായി ഒരേ സമയം നാല് പേർക്കാണ് അനുവദിക്കുക. ആളുകൾക്ക് പല ഉപകരണങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സ് ലോഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.
പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ക്ഷൻ പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനി ആലോചിച്ചിരുന്നു. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങൾക്ക് ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഇതല്ലെങ്കിലൽ അടുത്ത രണ്ട് വർഷത്തേക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ ഒരു ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്സ്ക്രിപ്ഷൻ നിരക്ക് കുറച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുക എന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ട്.