കൊലപാതകക്കേസില്‍ കുരുക്കപ്പെട്ട ആദിവാസി എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ 13 കൊല്ലത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരുക്കിയ ജാതിക്കെറുവിൻ്റെ ചതിയിൽ യുവാവ് ഇരയാവുകയായിരുന്നു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ ഹേമന്ത് വര്‍മ എന്ന സവർണ്ണ വിദ്യാർഥിയുടെ പ്രതികാരത്തിന് പാത്രമായതാണ് കാരണം. യൌവ്വനകാലം മുഴുവൻ ജയിലിലടക്കപ്പെട്ടു.
വൈകിലഭിച്ച നീതിക്കുള്ള നഷ്ടപരിഹാരമായി വിദ്യാര്‍ഥിക്ക് 42 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജോണ്ട് വിഭാഗത്തില്‍പ്പെട്ട ചന്ദ്രേഷ് മര്‍സ്‌കോളെയ്ക്കാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നത് . ഇപ്പോൾ 34 വയസായി.
കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധിക്കെതിരേ ചന്ദ്രേഷ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് കേസ്. 2008-ൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍സുഹൃത്ത് കൊല്ലപ്പെട്ട കേസിലാണ് ചന്ദ്രേഷ് അറസ്റ്റിലാകുന്നത്. കാണാതായി മൂന്നാംദിവസം യുവതിയുടെ മൃതദേഹം പച്മറിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
കേസില്‍ ചന്ദ്രേഷിനെ കുടുക്കാന്‍ പോലീസ് മനഃപൂര്‍വം പ്രവര്‍ത്തിച്ചതായി കോടതി നിരീക്ഷിക്കുകയും ചെയ്തു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷി ഹേമന്ത് വര്‍മയ്ക്ക് ചന്ദ്രേഷിനോടുണ്ടായ വിരോധമാണ് കള്ളക്കേസിനുപിന്നില്‍ എന്ന് കണ്ടെത്തി. ഭോപാല്‍ പോലീസ് ഐ.ജി. ഷൈലേന്ദ്ര ശ്രീവാസ്തവ ഇതിന് കൂട്ടു നിന്നു. ഐ ജിയുമായുള്ള വ്യക്തിബന്ധം ഹേമന്ത് ഉപയോഗപ്പെടുത്തിയതായും കോടതി വിലയിരുത്തി.
കൊലപാതകത്തില്‍ ഹേമന്തിനും ഷൈലേന്ദ്രയ്ക്കും പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, സുനിത യാദവ് എന്നിവരുടേതാണ് വിധി. ‘നിരപരാധിയായ ചന്ദ്രേഷിന് 4740 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന് നഷ്ടപരിഹാരമായി ഉത്തരവിറങ്ങി 90 ദിവസത്തിനുള്ളില്‍ 42 ലക്ഷം രൂപം അദ്ദേഹത്തിനുനല്‍കണം. ഇതിനുകഴിഞ്ഞില്ലെങ്കില്‍ പണം നല്‍കുന്ന ദിവസംവരെ പ്രതിവര്‍ഷം ഒമ്പതുശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടിവരും’
ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നന്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയും ജഡ്ജിമാര്‍ ഉദ്ധരിച്ചു.