നിഖാത് സരീൻ ലോകത്തിന് മുന്നിൽ നിൽക്കുന്നത് ഒരു പെൺകുട്ടിയെ വരിഞ്ഞ് മുറുക്കാനായി ഒന്നിച്ച എല്ലാം ശക്തികളെയും ഇടിച്ചു തകർത്താണ്.
ബോക്സിംഗില്‍ ചരിത്രനേട്ടമാണ് അവർ കെെയ്യിലൊതുക്കിയത്. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍(Women’s Boxing Championships) തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ തറപറ്റിച്ചു. സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്‍റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.
സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.
ബോക്സിംഗിൽ നിഖാത് സ്വർണം നേടിയപ്പോൾ വീണ്ടും ഉയർന്നു വന്ന ചോദ്യമാണ്. ആരാണ് ഈ നിഖാത് സരീൻ? ഇന്ത്യൻ കായിക ലോകം അടുത്ത് കാലത്ത് കേട്ട ഏറ്റവും പ്രശസ്തമായ ഒരു ചോദ്യമായിരുന്നു ഇത്.
ഈ ചോദ്യം ചോദിച്ചതോ ബോക്സിങ് ഇതിഹാസ താരം മേരി കോമും. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മേരി കോ ഈ ചോദ്യം ചോദിച്ചത്. തന്നെ ബോക്സിങ് വേദിയിൽ വെല്ലുവിളിക്കാനെത്തിയ യുവതാരത്തോടുള്ള പുച്ഛമായിരുന്നു അന്ന് മേരി കോമിന്റെ ആ ചോദ്യത്തിൽ. എന്നാൽ ഇന്ന് രാജ്യം മുഴുവൻ ഈ ചോദ്യം ആവർത്തിക്കുകയാണ്. വിസ്മയത്തോടെയും ആദരവോടെെയും മാത്രമാണ് എന്നുമാത്രം.
പിതാവിൻ്റെയും മകളുടെയും പോരാട്ടവും മധുര പ്രതികാരവും
മുന്‍ ക്രിക്കറ്റ് താരവും ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് ജമീലിൻ്റെ നാല് പെണ്‍മക്കളില്‍ നടുവിലത്തവളാണ് നിഖാത്. ജീവിത പ്രാരാബ്ധങ്ങളുമായി സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോയ ജമീലിന് കായിക കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതാണ്. പക്ഷെ മകളിലൂടെ കായിക സ്വപ്നങ്ങൾ തിരിച്ചു പിടിച്ചു.
ഇതിനിടയിൽ വെല്ലുവിളികൾ പല കോണുകളിൽ നിന്നായിരുന്നു. ബോക്‌സിങ്ങിനായി ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ എതിർത്തു. സദാചാര പൊലീസിങ്ങിന് വിധേയമായി. പക്ഷെ സ്പോർട്സ് പ്രേമം അവർ കൈവെടിഞ്ഞില്ല.
എന്നാല്‍ അവരുടെ വാക്കുകളൊന്നും ജമീലും ഭാര്യ പര്‍വീണ്‍ സുല്‍ത്താനയും കാര്യമായെടുത്തില്ല. മകള്‍ക്കൊപ്പം ഉറച്ചുനിന്നു. പതുക്കെ പതുക്കെ എതിര്‍പ്പുകള്‍ മുറുമുറപ്പുകളായി മാറി. പിന്നീട് അത് കെട്ടടങ്ങി.
അമ്മാവന്‍ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്‌സര്‍മാരാണ്. അതുകൊണ്ടു വീട്ടിനുള്ളില്‍തന്നെ നിഖാത് ബോക്‌സിങ് റിങ് കണ്ടെത്തി
‘ബോക്‌സിങ് താരം ആകാനുള്ള അവളുടെ താത്പര്യത്തെ കുറിച്ച് നിഖാത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നതിനെതിരേ പ്രതിഷേധമുണ്ടായി. പക്ഷേ ഞങ്ങള്‍ അവളോടൊപ്പം നിന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ മകളുടെ ഈ മെഡല്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രചോദനമാകും. ഒരു കുട്ടി, അവര്‍ ആണോ പെണ്ണോ ആകട്ടെ, അവരുടേതായ വഴി കണ്ടെത്താനുള്ള അവസരമൊരുക്കി കൊടുക്കണം. നിഖാത് അവളുടെ സ്വന്തം വഴി കണ്ടെത്തി ലോകചാമ്പ്യനായി.’ ജമീലും പര്‍വീണും പറയുന്നു.
ജമീലിന്റെ പിന്തുണയില്‍ വളര്‍ന്ന നിഖാതിന്റെ ആയുധം ക്ഷമയായിരുന്നു. മേരി കോം എന്ന ഇതിഹാസ താരത്തിന്റെ നിഴലില്‍ നിന്ന് പുറത്തു കടക്കുന്ന ഒരു ദിവസമുണ്ടാകുമെന്നും അതിനായി കാത്തിരിക്കണമെന്നും ജമീല്‍ മകളോട് പറഞ്ഞു. എന്നാല്‍ 2017-ല്‍ തോളെല്ലിനേറ്റ പരിക്ക് അവളുടെ ഒരു വര്‍ഷം കവര്‍ന്നെടുത്തു. ആ പരിക്കിന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ ലോകചാമ്പ്യനായി മാറിയപ്പോള്‍ വേദനയും നിരാശയുമെല്ലാം ഓര്‍മയായി മാറിയെന്നും ജമീല്‍ അഭിമാനത്തോടെ പറഞ്ഞു.
ആദ്യം അത്‌ലറ്റിക്‌സിലാണ് നിഖാത് പരീക്ഷണം നടത്തിയത്. സ്പ്രിന്റ് ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. എന്നാല്‍ അവളുടെ മേഖല ബോക്‌സിങ്ങാണെന്ന ജമീല്‍ വൈകാതെ തിരിച്ചറിഞ്ഞു. ആ കണക്കുകൂട്ടല്‍ പിഴച്ചില്ല. 14-ാം വയസ്സില്‍ ലോക യൂത്ത് ബോക്‌സിങ്ങില്‍ ചാമ്പ്യനായി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും ഈ തെലങ്കാനക്കാരി സുവർണ്ണ താരമായി.
.


