ദത്തുവിവാദത്തിലൂടെ വാര്‍ത്തകളിലും ഹൃദയങ്ങളിലും ഇടംപിടിച്ച അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത് കുമാറും മകന് എയ്ഡനും യു ട്യൂബിൽ താരമാവുന്നു. മൂന്നു പേരും ഒന്നിച്ചുള്ള ഫാമിലി വ്ളോഗുകൾ പതിനായിര കണക്കിന് ലൈക്കുകളുമായി മുന്നേറുകയാണ്.
‘അനുപമ അജിത് വ്ളോഗുകള്‍’ എന്ന പേരിലാണ് യുട്യൂബ് അക്കൗണ്ടുള്ളത്.
ഞങ്ങളുടെ ഒരു ദിവസത്തെ വിശേഷങ്ങള്‍ എന്ന തലക്കെട്ടില്‍ രണ്ടു മാസം മുമ്പാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മൂന്നു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതിനകം ആറു ഫാമിലി വ്ളോഗുകള്‍ ചെയ്തു. ഇരുവരുടേയും പ്രണയകഥയും കൂട്ടുകുടുംബത്തെ പരിചയപ്പെടുത്തുന്നതുമെല്ലാം വീഡിയോകളിലുണ്ട്.
ഒന്നര വയസുകാരനായ ഏബുവിനൊപ്പം (എയ്ഡന്‍) ശംഖുമുഖത്തേക്കുള്ള യാത്രയുടെ വീഡിയോയും ലൈക്കിൽ നിറഞ്ഞു.
ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവെച്ചുകൂടാ എന്ന ചിന്തയില്‍ നിന്നാണ് വ്ളോഗ് എന്ന ആശയത്തിലേക്ക് എത്തിയത് എന്നവർ പറയുന്നു.
പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത് ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. ബിരുദം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അനുപമ. ചെമ്പഴന്തി എസ്എന്‍ കോളേജില്‍ അവസാന വര്‍ഷ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ഥിനിയാണ്. തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഉൾപ്പെടുന്ന വീടാണ്.