കള്ളക്കടത്ത് വർധിക്കുന്നു, മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു, ഗുരുതര കുറ്റകൃത്യങ്ങൾ പതിവാകുന്നു
വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനൊപ്പം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളും വളരുന്നു. ഭീഷണി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങി കൊലപാതകങ്ങള്‍വരെ എത്തിയിരിക്കയാണ് കേരളത്തിൽ ഇപ്പോൾ. ഏറ്റവുമൊടുവിലായി അഗളി വാക്ക്യത്തൊടിയിലെ അബ്ദുള്‍ ജലീലിൽ കൊല്ലപ്പെട്ട സംഭവം വ്യക്തമാക്കുന്നത് ഏത് ഹീനകൃത്യവും നടത്താൻ മാത്രം വളർന്ന ഗുണ്ടാ സംഘങ്ങളായി ഇവ വളർന്നു കഴിഞ്ഞു എന്നതാണ്.
എന്നാൽ ഇത്തരം കേസുകളുടെ അന്വേഷണത്തിലും തുടർ നടപടികളിലും പൊലീസ് മെല്ലെ പോക്ക് ഗുണ്ടാ സംഘങ്ങളുടെ ബലം വർധിപ്പിക്കയാണ്.
കഴിഞ്ഞ ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ മരിച്ച വാഹനാപകടത്തിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായി 60-ഓളം പേരാണ് കേസില്‍ പിടിയിലായത്.
പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങളോ മറ്റു ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരോ ആണ്. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. പിടിയിലായവരെല്ലാം ജാമ്യത്തിലിറങ്ങി. പ്രധാന പ്രതികളായ മൂന്നുപേരെക്കൂടി പിടികൂടിയശേഷം കുറ്റപത്രം നല്‍കുെമന്നാണ് പോലീസ് പറഞ്ഞിരുന്നത്.
കള്ളക്കടത്ത് സ്വര്‍ണം പിടിക്കുമ്പോള്‍ പോലും ഇതിനു പിന്നിലെ റാക്കറ്റുകള്‍ രക്ഷപ്പെടുന്നത് പ്രോത്സാഹനമാവുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളടക്കമുള്ളവരെ പിടികൂടാനോ, പിടികൂടിയാല്‍ത്തന്നെ സമയബന്ധിതമായി ശിക്ഷ ഉറപ്പാക്കാനോ കഴിയാത്തത് ഇവയുടെ വളർച്ചയ്ക്ക് വളം വെക്കുന്നു.
കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസും സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 20 കിലോയിലേറെ സ്വര്‍ണമാണ് പോലീസ് മാത്രം കരിപ്പൂരില്‍നിന്ന് പിടികൂടിയത്. കരിപ്പൂരില്‍ കൂടുതല്‍പ്പേര്‍ പിടിയിലാകാന്‍ തുടങ്ങിയതോടെ സ്വര്‍ണമാഫിയ മറ്റുവിമാനത്താവളങ്ങളിലേക്കും പ്രവര്‍ത്തനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നെടുമ്പാശ്ശേരി വഴിയാണ് കൂടുതല്‍ കടത്ത് നടക്കുന്നത്.
കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണവും നടപടിയും ഉണ്ടായി എങ്കിലും ഈ കണ്ണികൾ ഇപ്പോഴും തുടരുന്നു എന്നാണ് സൂചന.
ശനിയാഴ്ച രാവിലെ ഒന്‍പതിന് ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ തിരൂരങ്ങാടി മമ്പുറം മുഗംവീട്ടില് അബ്ബാസ് (52), സ്വീകരിക്കാനെത്തിയ കൊടുവള്ളി ആവിലോരം സ്വദേശികളായ അയ്യപ്പന്‍കണ്ടിയില്‍ ഷംനാദ് (29), തറമ്മല്‍ നൗഫല്‍ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയതാണ് അവസാന വാർത്ത. ഇത് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ശേഷമായിരുന്നു.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച 1.103 കിലോ സ്വര്‍ണം പോലീസ് പിടികൂടി. ഇവര്‍ വന്ന കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം മിശ്രിതരൂപത്തില്‍ നാല് കാപ്സ്യൂളിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്.


