അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്.
അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കാനക്കോണ പൊലീസ് ഇൻസ്പെക്ടർ പ്രവീൺ ഗവാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 39 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും കോടതിയിൽ വിചാരണസമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണിൽ സംസ്ഥാനത്തിന് കീഴിൽ വരുന്ന ചപോലി അണക്കെട്ടിന് സമീപം അശ്ലീലവീഡിയോ ചിത്രീകരിച്ചു എന്നതാണ് നടിക്കും മുൻഭർത്താവിനുമെതിരെയുള്ള കുറ്റം. രണ്ടുപേരേയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (ക്രിമിനൽ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലച്ചുവയുള്ള പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും പാണ്ഡെയ്ക്കും മുൻഭർത്താവിനുമെതിരെ ചുമത്തിയിട്ടുണ്ട്.
കേസും കലഹവും

കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക് അപ്പിൽ മത്സരാർത്ഥിയായിരുന്നു പൂനം പാണ്ഡെ. പരിപാടിക്കിടയിൽ തനിക്കു നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം മനസു തുറന്നിരുന്നു. വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു.- പൂനം പറഞ്ഞു.
2020ലാണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാവുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കു ശേഷം ഭർത്താവിനെതിരെ പരാതിയുമായി താരം പൊലീസിനെ സമീപിച്ചു. തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു പരാതി. തുടർന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു.