തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് മുൻ നിർത്തിയായിരുന്നു മുന്നേറ്റം.
25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ മറികടക്കാന്‍ അനുവദിച്ചില്ല.
2021ല്‍ പി.ടി.തോമസ് 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന് നേടിയ 22406 വോട്ടിന്റെ ലീഡായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അത് മറികടന്നിരിക്കുകയാണ് ഉമാ തോമസ്.
ഉമാ തോമസ് 72770
ജോ ജോസഫ് 47754
എ എൻ രാധാകൃഷ്ണൻ 12957
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111.
നാലാമത്തെ ഉപതിരഞ്ഞെടുപ്പിൽ ഇടതു മോഹം തകർന്നു
പാലായും വട്ടിയൂര്‍ക്കാവും കോന്നിയും ആവര്‍ത്തിക്കാമെന്ന എല്‍ഡിഎഫ് മോഹമാണ് തൃക്കാക്കരയിൽ തകർന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, കോന്നി, പാല എന്നിവ പിടിച്ചെടുക്കാനായി. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ ഉണ്ടാകാതിരുന്ന സഹതാപതരംഗം തൃക്കാക്കരയില്‍ ഉണ്ടാകില്ലെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ തെറ്റി. പി ടിയുടെ രാഷ്ട്രീയ വ്യക്തി പ്രഭാവത്തെ കണക്കിലെടുക്കാതെയുള്ള ആത്മവിശ്വാസമായിരുന്നു.
ബൂത്ത് അടിസ്ഥാനത്തില്‍ നിരവധി കുടുംബയോഗങ്ങളിലാണ് തുടര്‍ച്ചയായി രണ്ടാഴ്ചത്തോളം ഓരോ എംഎല്‍എമാരും പങ്കെടുത്തത്. കടുത്ത യുഡിഎഫ് അനുഭാവികളുടെ വീടുകളില്‍ പോലും എംഎല്‍എമാര്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തി. ഇത്തരം സന്ദര്‍ശനങ്ങളിലൂടെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് സ്വന്തമാക്കുകയെന്നതായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. ഈ കാടിളക്കിയുള്ള പ്രചാരണവും കെ.വി തോമസ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വരവും ഇടത്പക്ഷത്തെ തുണച്ചില്ല.


