സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂറിലുള്ള കോടതിയിലാണ് പത്രപ്രവർത്തകൻ്റെ വധത്തിൽ സാക്ഷിയായ സ്ത്രീ നേരിട്ട് എത്തിയത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷി തെളിവുകൾ സഹിതം എത്തുകയായിരുന്നു.
മാധ്യമപ്രവർത്തകനായ രാജദിയോ രഞ്ജൻ്റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയാണിവർ. ഇവർ മരിച്ചെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. വോട്ടർ ഐഡി കാർഡും പാൻ കാർഡും ഉൾപ്പെടെ ബാഡ്മി ദേവി കോടതിയിൽ ഹാജരാക്കി. കേസ് അട്ടിമറിക്കാൻ സി ബി ഐ ശ്രമിച്ചു എന്ന പരാതിക്ക് ഇതോടെ ബലമേറി.
ജൂൺ 20 നകം വിശദീകരണം നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
2016 മെയ് 13നാണ് ഹിന്ദുസ്താൻ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന രാജദിയോ രഞ്ജൻ ടൗണിലെ പച്ചക്കറി മാർക്കറ്റിനടുത്ത് ഓഫീസിലേക്കുള്ള വഴിയിൽ കൊല്ലപ്പെടുന്നത്.അഞ്ച് പേർ ഉൾപ്പെടുന്ന സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയാണ് ബാഡ്മി ദേവി. എം.പി ഉൾപ്പെടെ രാഷ്ട്രീയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട കേസാണ്. ഉത്തർ പ്രദേശിന് ചേർന്നുള്ള സിവാൻ നഗരത്തിലായിരുന്നു സംഭവം.
കേസിലെ പ്രധാന സാക്ഷിയായ ബാഡ്മി ദേവിയെ വിസ്തരിക്കണമെന്ന ആവശ്യത്തിൽ കോടതി ഇവർക്ക് സമൻസ് അയക്കുകയായിരുന്നു. എന്നാൽ ബാഡ്മി ദേവി മരിച്ചെന്ന് കാണിച്ച് സിബിഐ മെയ് 24 കോടതിയിൽ ഡെത്ത് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചു.
താൻ മരിച്ചുവെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചിരിക്കുകയാണെന്നത് പത്രവാർത്തകളിലൂടെയാണ് ബാഡ്മി ദേവി അറിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മി കോടതിയിലെ സമീപിച്ചു. ആ സമയം കസേര ടോലിയിലെ വീട്ടിലായിരുന്നു ബാഡ്മി. കേസിൽ തന്നെ സിബിഐ പ്രധാസാക്ഷിയാക്കിയെങ്കിലും ആരും തന്നെ കാണാനോ തൻ്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് ബാഡ്മി ദേവി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പത്രപ്രവർത്തക സംഘടനാ സംവിധാനങ്ങൾ മുഴുവൻ തകർക്കപ്പെട്ട സ്ഥലമാണ് ബീഹാർ. ഹോട്ടലുകളും സ്വകാര്യ ഹാളുകളും പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പത്രസമ്മേളനങ്ങൾ പോലും നടക്കുന്നത്.
രാജ്ദേവ് രഞ്ജൻ എന്നറിയപ്പെടുന്ന രാജ്ദിയോയുടെ വിവാഹ വാർഷികത്തിൻ്റെ തലേ ദിവസമായിരുന്നു ആക്രമണം. 45 കാരനായ ഇദ്ദേഹം ഭാര്യയും കുട്ടികൾക്കും ഒപ്പം സിവാനിലായിരുന്നു താമസം. കുറ്റ കൃത്യങ്ങളും അതിലെ രാഷ്ട്രീയ ബന്ധങ്ങളും വെളിച്ചത്ത് കൊണ്ടു വന്ന വാർത്തകളുടെ പേരിൽ ഇദ്ദേഹം പ്രസിദ്ധനായിരുന്നു.
