ഹൈദരബാദ് കൂട്ടബലാത്സംഗ കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎം ഐഎം പാർട്ടി എംഎല്‍എയുടെ മകന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. എല്ലാവരും സമപ്രായക്കാരാണ്. രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.
കേസ് രാഷ്ട്രീയമായി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന പരാതിക്കിടെയാണ് അറസ്റ്റുകൾ.
പ്രായപൂര്‍ത്തി ആകാത്തവരില്‍ ഒരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനും മറ്റൊരാള്‍ എംഎല്‍എയുടെ ബന്ധുവുമാണ്. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
പബ്ബിൽ വെച്ച് പരിചയപ്പെട്ടു, കാറിൽ കയറ്റി ആക്രമിച്ചു
മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
എല്ലാവരും കുട്ടികളാണ്. ഇവരിൽ ഒരാൾ മാത്രമാണ് 18 തികഞ്ഞത്. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട രണ്ട് കാറുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ വാഹനം മൊയ്നാബാദിലെ ഫാംഹൗസില്‍നിന്നാണ് കണ്ടെടുത്തത്. ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉളളതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ രാഷ്ട്രീയവിവാദങ്ങളും കത്തിപ്പടരുകയാണ്. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
പബ്ബ് ബുക്ക് ചെയ്തത് കുട്ടികൾ, സ്കൂൾ തുറക്കുന്നതിന് മുൻപുള്ള പാർട്ടി
ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്തു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിലേക്ക് വഴിയൊരുക്കിയത് ഒരു പബ്ബില്‍ നടന്ന പാര്‍ട്ടിയായിരുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന 17 കാരിയാണ് ഉപദ്രവിക്കപ്പെട്ടത്. ഇപ്പോള്‍ ദേശീയമാധ്യമമായ എന്‍ഡിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, അന്ന് പാര്‍ട്ടി നടന്ന പബ്ബ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥികള്‍ മൊത്തമായി ബുക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നാണ്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പബ്ബ് ബുക്ക് ബുക്ക് ചെയ്തത്. ഒരാള്‍ക്ക് 900 മുതല്‍ ആയിരം രൂപ വരെയുള്ള നിരക്കിലാണ് പബ്ബിനുള്ളില്‍ അവര്‍ സ്ഥലം ബുക്ക് ചെയ്തത്. അതിനുശേഷം അവര്‍ ചെയ്തത്, പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നവരില്‍ നിന്നും ഒരാള്‍ക്ക് 1,300 രൂപ വീതം ഈടാക്കുകയായിരുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് 17 കാരിയും സുഹൃത്തുക്കളും വരുന്നത്. പബ്ബില്‍ വച്ച് പരിചയപ്പെട്ടവരാണ് വീട്ടില്‍ കൊണ്ടുചെന്നു വിടാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ആരോപിക്കപ്പെട്ട രാഷ്ട്രയീ ബന്ധങ്ങൾ
പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാളുടെ പിതാവ് തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) പാര്‍ട്ടിയുടെ പ്രമുഖ നേതാവും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒരു ന്യൂനപക്ഷ സ്ഥാപനത്തിന്റെ ചെര്‍മാനുമാണ്. മറ്റൊരു പത്രിയും ടിആര്‍എസ് നേതാവിന്റെ മകനാണ്. മൂന്നാമത്തെ പ്രതി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ(ജിഎച്ച്എംസി) കൗണ്‍സിലറുടെ മകനാണ്.
സംസ്ഥാന ആഭ്യന്തര മന്ത്രിക്കു നേരെയും ഈ കേസില്‍ ആരോപണം ഉയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയുടെ ചെറുമകനും ചേര്‍ന്നായിരുന്നു പബ്ബ് ബുക്ക് ചെയ്തതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ ആരോപണം പാടെ നിഷേധിക്കുകയാണ് തെലങ്കാന ആഭ്യന്തര മന്ത്രി. തന്റെ ചെറുമകന്‍ ആ സമയത്ത് വീട്ടിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ അതിനു തെളിവായുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി പറയുന്നത്.
മറ്റൊരു വാര്‍ത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ് ചാര്‍ജ് ചെയ്തതാണ്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ രുഘുനന്ദന്‍ റാവു ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. എം ഐ എം പാര്‍ട്ടിയുടെ എംഎല്‍എയുടെ മകനും കൂട്ടബലാത്സംഗ കേസില്‍ പ്രതിയാണെന്നും എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തെളിവുകളായി ഉണ്ടെന്നും അവകാശപ്പെട്ടു.
വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ചാനലുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.


