ഫേസ്ബുക്ക് മെറ്റയുടെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ ഹൊറൈസണ്‍ വേള്‍ഡ്സില്‍ യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തതായി വാർത്ത. മറ്റൊരാള്‍ വോഡ്ക കൈമാറിക്കൊണ്ട് അത് കണ്ടു നില്‍ക്കുകയുമായിരുന്നു എന്ന് ഇരയായ യുവതി പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ അവകാശങ്ങള്‍, വിവേചനം, മനുഷ്യാവകാശം, മൃഗങ്ങളുടെ അവകാശം, അഴിമതി തുടങ്ങിയ പൊതുവിഷയങ്ങളില്‍ കാമ്പയിനുകള്‍ നടത്താറുള്ള ലാഭേതര സംഘടനയും ഓണ്‍ലൈന്‍ കൂട്ടായ്മയുമായ സം ഓഫ് അസിൻ്റെ (SumOfUs) പ്രതിനിധിയാണ് 21 കാരിയായ ഗവേഷക. പ്ലാറ്റ്ഫോമിനെ കുറിച്ച് പഠിക്കുന്നതിനായി സംഘടന തന്നെയാണ് ഇവരെ അയച്ചത്.
എന്നാല്‍ ഹൊറൈസണ്‍ വേള്‍ഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ യുവതിയുടെ അവതാറിന് നേരെ ലൈംഗികാതിക്രമം ഉണ്ടായി. അവാതാറിനെ ആക്രമിച്ചു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും വളരെ പെട്ടെന്നാണ് അത് സംഭവിച്ചതെന്നും യുവതി പറഞ്ഞു.
‘മെറ്റാവേഴ്സ്; വിഷമയമായ ഉള്ളടക്കങ്ങളുടെ മറ്റൊരു കുപ്പത്തൊട്ടി’ എന്ന തലക്കെട്ടില്‍ യുവതിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കുന്ന ഒരു വാർത്ത സം ഓഫ് അസ് പുറത്തിറക്കിയിട്ടുണ്ട്.
ഹൊറൈസണ്‍ വേള്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയായിരുന്നു യുവതി. മോഡറേഷന് ഇല്ലാത്തതുകൊണ്ട് യുവതികളുടെ രൂപമുള്ളതോ ശബ്ദമുള്ളതോ ആയ അവതാറുകള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് കണ്ടെത്തിയ സം ഓഫ് അസിന്റെ ഗവേഷകര്‍ക്ക് നേരെ മെറ്റാവേഴ്സില്‍ വളരെ പെട്ടെന്ന് തന്നെ ലൈംഗികാതിക്രമം നടന്നു.
ഹൊറൈസണ്‍ വേള്‍ഡ്സില്‍ ഒരു സ്വകാര്യ പാര്‍ട്ടി റൂമിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ അനുവാദമില്ലാതെ അപരിചിതനായോരാള് അവരെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധപൂര്‍വം പ്രേരിപ്പിച്ചത്. തനിക്ക് മുന്നില്‍ തിരിഞ്ഞ് നില്‍ക്കാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ ലൈംഗിക ചേഷ്ഠകള്‍ ചെയ്യാനും അയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു.
മുമ്പും ഹൊറൈസണ്‍ വേള്‍ഡ്സില്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പേഴ്സണല്‍ ബൗണ്ടറി എന്ന പേരില്‍ ഒരു ഫീച്ചര്‍ കമ്പനി ഹൊറൈസണ്‍ വേള്‍ഡ്സില്‍ അവതരിപ്പിച്ചത്. അവതാറിന്റെ ഒരു മീറ്റര്‍ പരിധിക്കുള്ളിലേക്ക് മറ്റുള്ളവര്‍ കടന്നുവരുന്നത് തടയുന്ന സംവിധാനമാണിത്.
പരാതിക്കാരിയായ ഗവേഷക പേഴ്സണല്‍ ബൗണ്ടറി ഫീച്ചര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് മെറ്റയുടെ പ്രതിനിധി പറഞ്ഞു.
അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണ് അത്. അപരിചിതരായ ആളുകള്‍ക്കൊപ്പം നില്ക്കുമ്പോള് ഈ ഫീച്ചര്‍ ഓഫ് ആക്കിവെക്കരുതെന്നും മെറ്റ പ്രതിനിധി പറയുന്നു.
നേരത്തെ ഫേസ്ബുക്ക് എന്ന പേരിലറിയപ്പെട്ടിരുന്ന മെറ്റ പ്ലാറ്റ്ഫോംസിന്റെ വിര്‍ച്വല്‍ റിയാലിറ്റി ഓണ്‍ലൈന്‍ ഗെയിമാണ് ഹൊറൈസണ്‍ വേള്‍ഡ്സ്. ഒക്യുലസ് റിഫ്റ്റ് എസ്, ഒക്യുലസ് ക്വസ്റ്റ് 2 തുടങ്ങിയ കമ്പനിയുടെ വിആര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടിയാണിത് നിര്‍മിച്ചിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് യുഎസിലും കാനഡയിലും ഇത് അവതരിപ്പിച്ചിരിക്കുന്നത്.


