കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിവരം തിരക്കാന്‍ ഫോണില്‍ വിളിച്ച വ്യക്തിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവത്തിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു. കാൾ റെക്കോഡ് കേട്ട ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസമാണ് എല്ലിൻ്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ദുരനുഭവം ഉണ്ടായത്.
എല്ലിൻ്റെ ഡോക്ടർ ഉണ്ടോ. എന്നൊക്കെയാണ് ഉണ്ടാവുക എന്ന ചോദ്യത്തിന് “ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും” എന്നായിരുന്നു ആശുപത്രി ജീവനക്കാരി നല്കിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോളും ഇതേ മറുപടി നല്കി. പിന്നെ മറ്റൊരു നമ്പറിൽ കണക്ട് ചെയ്ത് വട്ടം കറക്കുകയും ചെയ്തു.
ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആരോഗ്യമന്ത്രിയും വിവരം തിരക്കി. തുടർന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ജീവനക്കാരിയെ പിരിച്ചുവിട്ടത്. ഇവർ താത്കാലിക ജീവനക്കാരിയാണ്.
ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നാണ് ജീവനക്കാരിയുടെ വിശദീകരണം.