സ്വര്‍ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി കേസിൽ കയറി പിടിച്ചത്.
ജൂണ്‍ 22 (ബുധനാഴ്ച) ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വപ്ന കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ വിശദാംശങ്ങള്‍ തേടാനാണ് വിളിച്ചുവരുത്തൽ എന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഇ.ഡിക്ക് ശേഖരിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇത് വെളിപ്പെടുത്തുന്നത് കോടതി തടഞ്ഞിരുന്നതാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷ് സന്നദ്ധയായി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന കസ്റ്റംസ് സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് തേടി ഇ.ഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.
ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. മൊഴി പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. എന്നാൽ ജീവന് ഭീഷണിയുള്ളതായി പറഞ്ഞ സാഹചര്യം പൊലീസ് പരിഗണിച്ചിട്ടില്ല.


