രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് കരാർവൽക്കരണ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പ്രതിഷേധം തണുപ്പിക്കാൻ പുതിയ മാർഗരേഖ വ്യോമസേന പരസ്യപ്പെടുത്തി.
റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തും വിഭാഗീയത ഇല്ലാതെ എല്ലാവർക്കും പ്രവേശനം നൽകും തുടങ്ങിയവാണ് വിശദീകരണങ്ങൾ.
നിലവിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്നിപഥ് സ്കീമിൽ അപേക്ഷിക്കാം. ഇത്തരത്തിൽ അപേക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണം. എന്നാൽ ഇവരുടെ പഠനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരാർ തൊഴിൽ കാലത്ത് നഷ്ടമാവുന്ന നാലുവർഷത്തെ കുറിച്ച് വ്യക്തത ഒന്നുമില്ല.
ആവർത്തിക്കുന്ന വിശദാംശങ്ങൾ
എല്ലാ ഇന്ത്യക്കാർക്കും എല്ലാ വിഭാഗത്തിലുള്ളവർക്കും അഗ്നിപഥിൽ അപേക്ഷിക്കാം. 17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം, മാസത്തിൽ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.
തണുപ്പിക്കാൻ പുതിയ വാഗ്ദാനങ്ങൾ
അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാകും സംവരണം. അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അർധസൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും.
പദ്ധതിക്കെതിരേ ശനിയാഴ്ചയും രാജ്യവ്യാപക പ്രതിഷേധമുണ്ടായി. തീവണ്ടികളും മറ്റ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ബിഹാറിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ലഖിസരായിൽ തീവണ്ടിക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച രാത്രി എട്ടുവരെ തീവണ്ടിസർവീസുകൾ നിർത്തി. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ അടിച്ചുതകർത്തു. രാജ്യവ്യാപകമായി 350-ലേറെ തീവണ്ടിസർവീസുകൾ റദ്ദാക്കി. ഹരിയാണ, പശ്ചിമബംഗാൾ, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളും അക്രമാസക്തമായി.
പ്രതിഷേധങ്ങളെച്ചൊല്ലി ബിഹാറിൽ ഭരണസഖ്യത്തിലെ ബി.ജെ.പി.യും ജെ.ഡി.യു.വും തമ്മിൽ ഇടഞ്ഞു. അക്രമങ്ങൾ നേരിടാൻ സംസ്ഥാനഭരണകൂടം ഒന്നുംചെയ്യുന്നില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. ആശങ്ക പരിഹരിക്കുന്നതിനുപകരം ഭരണത്തെ കുറ്റംപറയുകയാണ് ബി.ജെ.പി.യെന്ന് ജെ.ഡി.യു. അധ്യക്ഷൻ രാജീവ് രഞ്ജൻ തിരിച്ചടിച്ചു.
പ്രതിപക്ഷപാർട്ടികൾ പക്ഷെ ഇപ്പോഴും നിലപാട് രൂപീകരിക്കാൻ കഴിയാതെ തുടരുന്ന സാഹചര്യമാണ്. തൊഴിൽ കാത്തിരിക്കുന്ന യുവാക്കൾ അതേ സമയം കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ്. സൈനിക തിരഞ്ഞെടുപ്പ് രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമമാണ് എന്ന ആരോപണവും ഉയരുന്നു.


