സമ്പത്തിക തട്ടിപ്പ് കേസിൽ ചരിത്രത്തിൽ ഇല്ലാത്ത നടപടിക്ക് വിധേയമായി രാഹുൽ ഗാന്ധി. കേസിൻ്റെ ഗൌരവത്തിനുമപ്പുറം വേട്ടയാടലിന് വിധേയമാവുമ്പോഴും കോൺഗ്രസ് സംഘടനാ സംവിധാനങ്ങൾ നിസ്സഹായ സാക്ഷിയായി തുടരേണ്ടി വരുന്ന കാഴ്ചയാണ് ഇന്നും.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെയും (ചൊവ്വാഴ്ച) രാഹുല്‍ ഗാന്ധി ഇ.ഡിയുടെ മുമ്പില്‍ ഹാജരാകണം.
നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു. ശേഷം ഇന്ന് (തിങ്കളാഴ്ച) വീണ്ടും രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തു. ഇനിയും മതിയായില്ലെന്ന് നൊട്ടീസ് നൽകി.
കോവിഡാനന്തര രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. സോണിയാ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് വേണ്ടി ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ട് ജൂണ്‍ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയാ ഗാന്ധി ഇ.ഡിയെ അറിയിച്ചിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.


