മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതി മുൻനിർത്തിയാണ് രജിസ്റ്റർ ചെയ്തത്.
ഗുജറാത്തിലുണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആർ.ബി. ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നിലവിൽ തടവില്‍ കഴിയുന്നതുമായ സഞ്ജീവ് ഭട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്.
തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും.
2002-ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമർശങ്ങൾ മറയാക്കിയാണ് തീസ്ത അടക്കമുള്ളവർക്കെതിരെ പുതിയ എഫ്ഐആർ ഗുജറാത്ത് എടിഎസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചില സന്നദ്ധസംഘടനകളും മറ്റു ചില വ്യക്തികളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടു വന്നത് എന്നാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.


