മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ ആട്ടുകല്ലുകൊണ്ട് എറിഞ്ഞു. മുഖത്ത് ഏറു കൊണ്ട് മറിഞ്ഞു വീണ യുവാവ് മരിച്ചു. ചെന്നൈ ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം.
ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന കൃഷ്ണന് മദ്യപിച്ചുവന്ന് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി. ബഹളത്തിനിടയിൽ കുപിതയായ ഭാര്യ വിജയലക്ഷ്മി അടുക്കളയിലേക്ക് പോയി. ഇതിനിടയിൽ പ്രകോപിതയായി ആട്ടുകല്ലെടുത്ത് കൃഷ്ണനുനേരെ എറിയുകയായിരുന്നു.
മുഖത്ത് ഏറുകൊണ്ട കൃഷ്ണന് നിലത്തുവീണു. വീഴ്ചകണ്ട് ഭാര്യ തന്നെ കരച്ചിലും ബഹളവും കൂട്ടി.
കരച്ചില് കേട്ടെത്തിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണനെ രക്ഷിക്കാനായില്ല. വിജയലക്ഷ്മിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.


