വിമത നീക്കങ്ങള്‍ക്കും അധികാര നാടകങ്ങൾക്കും ഒടുവിൽ ബി ജെ പി മഹാരാഷ്ട്രയുടെ ഭരണം തിരികെ പിടിച്ചു. മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത്. വൈകീട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്.
അവസാന നിമിഷത്തിൽ ഫഡ്നവിസ് ഉപസ്ഥാനീയനായി
അപ്രതീക്ഷിതമായിട്ടാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വിമത എംഎല്‍എമാര്‍ക്കൊപ്പം ഗോവയിലായിരുന്നു ഷിന്ദേ. ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഉച്ചയ്ക്ക് ശേഷമാണ് മുംബൈയിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചത്. ഫഡ്നവിസ് മുഖ്യമന്ത്രിയും ഷിന്ദേ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു കരുതിയിരുന്നത്.
താനെയില്‍ ശിവസേനയുടെ കരുത്തനായ നേതാവാണ് ഷിന്ദേ. ആനന്ദ് ഡിഗെയ്ക്ക് ശേഷം പാര്‍ട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യ നേതാവായി ഷിന്ദേ ഉയരുകയിരുന്നു. അദ്ദേഹത്തിന്റെ മകന് ശ്രീകാന്ത് ഷിന്ദേ എം.പി.യാണ്. സഹോദരന് നഗരസഭാംഗമാണ്. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ തൊഴിലാളിയായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കംകുറിച്ച ഷിന്ദേ ക്രമേണ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയരുകായിരുന്നു. ആനന്ദ് ഡിഗെയാണ് ഷിന്ദയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബാല്‍താക്കറെയുടെ സ്വന്തമായി.
1990കളില്‍ നഗരസഭ അംഗമായി തീര്‍ന്ന ഷിന്ദേ പിന്നീട് തുടര്‍ച്ചയായി നാല് തവണ എം.എല്‍.എയായി. ഫഡ്നവിസ് മന്ത്രിസഭയില്‍ അംഗമായി. ശിവസേന ബി.ജെ. പിയുമായി ബന്ധം വിടര്‍ത്തിയതോടെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗര വികസനം എന്ന സുപ്രധാന വകുപ്പ് ലഭിച്ചു.
വിമതരെ കൂട്ടിയത് ഹിന്ദുത്വ അജണ്ട പറഞ്ഞ്
നാല്‍പ്പത് ശിവസേനാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ആകെ അന്‍പത് എം.എല്‍.എമാരുടെ പിന്തുണ ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിന്ദേയുടെ അവകാശവാദം. പോരാട്ടത്തില്‍ ഒപ്പം നിന്നവരാണ് അവരെന്നും ആ അന്‍പതുപേര്‍ തന്നില്‍ അര്പിച്ച വിശ്വാസത്തിന് ഒരു പോറല്‍ പോലും ഏല്പിക്കുകയില്ലെന്നും ഷിന്ദേ വ്യക്തമാക്കി. ശിവസേനയ്ക്കുള്ളില്‍ വിമതര്‍ നടത്തിയ കലാപം സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല എന്നാണ് വാദം. ബാല്‍ താക്കറേയുടെ ഹിന്ദുത്വയ്ക്കു വേണ്ടിയുള്ളതായിരുന്നു അധികാര നാടകങ്ങൾ എന്നും വിശദീകരിച്ചു.
എംഎല്‍എമാരുമായി ആദ്യം ഗുജറാത്തിലെ സൂറത്തിലെത്തിയ ഷിന്ദേ അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് മാറി. തുടര്‍ന്ന് ഉദ്ധവ് താക്കറെയോട് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടതോടെ വിമതരുമായി ഷിന്ദേ ഗോവയിലെത്തുകയായിരുന്നു.


