കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
പരക്കെ വിമർശനം
നിയമസഭാ ഹാളില്‍ സ്കൂള്വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്സെക്കന്ഡറിക്കും ഇതേ നിലവാരമുണ്ട്’, – മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


