തുടർച്ചയായി മൂന്നാം ദിവസവും വില കൂപ്പുകുത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യ ഭീഷണി തുടരുകയാണ്. ഇതുമൂലം ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.
ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 97 ഡോളര്‍ നിലവാരത്തിലുമെത്തി. ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.
വരുംദിവസങ്ങളില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കയെ മാന്ദ്യം പിടികൂടിയാല്‍ ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്.
ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 38 ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായതായി അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടി(എപിഐ)ന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ്യഭീതി ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കകൂടിയായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയിടിവ് നേരിട്ടു.
റഷ്യ-യുക്രൈന് യുദ്ധത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 139 ഡോളറിലെത്തിയിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതോടെ വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. 100 ഡോളര്‍ നിലവാരത്തിലെത്തിയെങ്കിലും പിന്നീട് 125 ഡോളറിലേയ്ക്ക് തിരിച്ചുകയറുകയുംചെയ്തിരുന്നു.
എന്നാൽ ഇന്ത്യയിൽ എണ്ണ വിലയിൽ ഈ കുറവ് ഒന്നും പ്രതിഫലിച്ചില്ല.


