പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിന് മുൻപ് ഓർത്തു വെക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം. പലതവണ അറിഞ്ഞാലും ശ്രദ്ധ കുറഞ്ഞാൽ ആവർത്തിക്കുന്ന പിഴവുകളുണ്ട്. പിഴവുകൾ തിരുത്താനും അവസരം ഉണ്ട്. എങ്കിൽ പോലും അവ സ്വയം പിന്നെയും ചെക്ക് ചെയ്ത് ഉറപ്പ് വരുത്തണം.
2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ
സിങ്കിൾ വിൻഡോ സംവിധാനത്തിലൂടെയാണ് ഹയര്‍ സെക്കണ്ടറി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി എന്നതാണ് ഈ ഒറ്റ വിൻഡോ സംവിധാനത്തിൻ്റെ മേന്മ.
അതു കൊണ്ട് തന്നെ അപേക്ഷ നല്‍കുന്നതിന് മുന്‍പേ ചേരാന്‍ ആഗ്രഹിക്കുന്ന കോഴ്‌സ്, സ്‌കൂളുകള്‍ ഇവയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്
അപേക്ഷാ സമർപ്പണം എളുപ്പമാണ്. ഓൺലൈനായി സ്വന്തമായി തന്നെ സമർപ്പിക്കാം. സ്വന്തമായി സമർപ്പിക്കുന്നവർ ആദ്യം ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കണം. ഓരോ സ്റ്റെപ്പും അറിഞ്ഞു വെച്ച ശേഷം അപേക്ഷാ സമർപ്പണത്തിലേക്ക് കടക്കുക
നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സ് ഏതാണ്
- സയന്‍സ് 2.ഹ്യൂമാനിറ്റീസ് 3.കൊമേഴ്‌സ്
എന്നിങ്ങനെ മൂന്നു മുഖ്യ കോഴ്‌സ് സ്ട്രീമുകളാണ് ഹയര്‍ സെക്കണ്ടറിയില്‍ ഉള്ളത്. ഇതില്‍ സയന്‍സില്‍ ഒന്‍പത് സബ്ജക്ട് കോമ്പിനേഷനുകളുണ്ട്.
(ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിൽ 40 എന്ന കോഡില്‍ ഒരു കോമ്പിനേഷന്‍ വേറെയും ഉണ്ട്)
ഹ്യുമാനിറ്റീസില്‍ 32 സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്
കൊമേഴ്‌സില്‍ നാല് സബ്ജക്ട് കോമ്പിനേഷനുകളുമാണ് ഉള്ളത്.
കോഡുകൾ
സയന്‍സില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ ഉള്ള സബ്ജക്ട് കോമ്പിനേഷന്‍ ’01’ എന്ന കോഡിലാണ്. ഇങ്ങനെ ഓരോ സബ്ജക്ട് കോമ്പിനേഷനും ഓരോ കോഡ് നമ്പർ ഉണ്ടായിരിക്കും.
ഇത് അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമാണ്. ഇഷ്ടമുള്ള കോമ്പിനേഷനുകളുടെ കോഡുകള്‍ നേരത്തേ നോക്കി വെയ്ക്കുന്നത് അപേക്ഷ തെറ്റാതിരിക്കാന്‍ സഹായിക്കും. വെബ്സൈറ്റിൽ നിന്നും ഇത് മനസിലാക്കാൻ എളുപ്പമാണ്.
സ്‌കൂളുകളും കോഡുകളും
ഓരോ സ്‌കൂളുകള്‍ക്കും ഓരോ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സ്‌കൂളിന്റെ കോഡ് നമ്പര്‍ ശ്രദ്ധിച്ച് നോട്ട് ചെയ്യുക.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകള്‍ക്ക് നാല് അക്കമുള്ള സ്‌കൂള്‍ കോഡുകളാണുള്ളത്.
മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകള്‍ക്ക് അഞ്ച് അക്ക സ്‌കൂള്‍ കോഡുകളും ആണ് ഉള്ളത്.
സ്‌കൂള്‍ കോഡുകളും കോഴ്‌സ് കോഡുകളും കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ പട്ടിക തയ്യാറാക്കുക എന്നതാണ് ഏകജാലക അപേക്ഷ സമര്‍പ്പിക്കാനായി ആദ്യം ചെയ്യേണ്ടത്.
ഏതെല്ലാം തരത്തിൽ സമർപ്പിക്കാം
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കോഡ് മുതലായ സാങ്കേതിക കാര്യങ്ങൾ കേട്ട് സങ്കീർണ്ണത തോന്നേണ്ടതില്ല. ഇത്തിരി ശ്രദ്ധയോടെ ചെയ്താൽ ആർക്കും അപേക്ഷ സ്വയം സമർപ്പിക്കാം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.
സർട്ടിഫിക്കറ്റുകൾ
ബോണസ് പോയന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള യോഗ്യതകള്‍ നേടിയവര്‍ അവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് വെക്കുക. അതേപോലെ SC/ST/OEC വിഭാഗക്കാരും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള OBC വിഭാഗക്കാരും കമ്യൂണിറ്റി, നേറ്റിവിറ്റി, ഇന്‍കം സര്‍ട്ടിഫിക്കറ്റുകളും വാങ്ങി വെക്കേണ്ടതാണ്.
ഓർക്കുക ഇവയൊന്നും അപേക്ഷ നല്‍കുന്ന സമയത്ത് ആവശ്യമില്ല. അപേക്ഷാ സമയത്ത് ഇത്തരം കാര്യങ്ങളിൽ ധൃതിയും ടെൻഷനും വേണ്ട. പക്ഷേ പ്രവേശന സമയത്ത് ഇവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരും.
അപേക്ഷ സർപ്പിക്കുന്നതിനുള്ള സൈറ്റ് https://hscap.kerala.gov.in/ തുറന്നാൽ ഓരോ ജില്ലകളിലേയും വിദ്യാലയങ്ങൾ, അവിടെ ലഭ്യമായ കോഴ്സുകൾ ഇവ ലഭിക്കും. കോഴ്സുകളുടെ കോഡും പ്രത്യേകം ലഭിക്കും. അപേക്ഷാ സമർപ്പണ വേളയിലും ഇവ ലഭിക്കും എങ്കിലും കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കി വെക്കുക. പ്രത്യേകിച്ചും കോഡുകൾ
അപേക്ഷാ സമർപ്പണം
ഒന്നാം ഘട്ടം
വിദ്യാഭ്യാസ വകുപ്പിൻ്റെ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
https://hscap.kerala.gov.in/ ഈ ലിങ്കിൽ തുറക്കാം.
ഹയര്‍സെക്കണ്ടറിയിലേക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലേക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള രണ്ട് ബട്ടണുകള്‍ കാണാം. ഹയര്‍ സെക്കണ്ടറി തിരഞ്ഞെടുത്താല്‍ തുടര്‍ന്നു വരുന്ന പേജില്‍ കുട്ടിയുടെ പ്രധാന വിവരങ്ങള്‍ രേഖപ്പെടുത്തണം. വൊക്കേഷണൽ കോഴ്സുകളിലാണ് ചേരാൻ ആഗ്രഹിക്കുന്നത് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക
SSLC/CBSE/ICSE തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ രജിസ്റ്റര്‍ നമ്പര്‍, പരീക്ഷ പാസായ വര്‍ഷം, മാസം (പൊതുവേ മാര്‍ച്ച് സെലക്ട് ചെയ്യുന്നതാണ് ഉചിതം) തുടങ്ങിയവയും ഒരു മൊബൈല്‍ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
മൊബൈൽ നമ്പർ ശ്രദ്ധിക്കുക
മൊബൈല്‍ നമ്പര്‍ ഏറ്റവും കുറഞ്ഞത് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എങ്കിലും ഉപയോഗത്തിലിരിക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക ഇത് കുട്ടിയുടേതോ രക്ഷിതാവിന്റെയോ തന്നെ ആയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടാം ഭാഗം കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കുട്ടിയുടെ ജാതി, മതം, വിഭാഗം തുടങ്ങിയവ രേഖപ്പെടുത്തേണ്ടതുണ്ട്. ഇവ തെറ്റു കൂടാതെ രേഖപ്പെടുത്തുക. അല്ലാത്തപക്ഷം പ്രവേശനത്തെ ബാധിക്കാനിടയുണ്ട്. കാരണം വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ റിസര്‍വ് ചെയ്താണ് പ്രവേശനം നടത്തുന്നത്. കുട്ടികള്‍ വിഭാഗം തെറ്റായി രേഖപ്പെടുത്തിയാല്‍ അഡ്മിഷന്‍ നിരസിക്കപ്പെടും. ബോണസ് പോയന്റുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്നത് ഇതേ ഭാഗത്താണ്. ഇവ പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
അപേക്ഷാ സമർപ്പണം
രണ്ടാം ഘട്ടം
യോഗ്യതാ പരീക്ഷയുടെ ഗ്രേഡുകള്‍ രേഖപ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. 2022 ല്‍ SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെ ഗ്രേഡുകള്‍ ഇവിടെ ഓട്ടോ ജനറേറ്റഡായി വന്നതായി കാണാം.
(പുനര്‍മൂല്യ നിര്‍ണയത്തില്‍ ഗ്രേഡില്‍ മാറ്റം വന്ന കുട്ടികളുടെ മാറിയ ഗ്രേഡ് ആണ് ഇവിടെ കാണിക്കുന്നത് എന്ന് ഈ ഘട്ടത്തില്‍ ഉറപ്പാക്കേണ്ടതാണ്)
SSLC ഒഴികെയുള്ള മറ്റ് യോഗ്യതാ പരീക്ഷകള്‍ (CBSE, ICSE etc) പാസായ കുട്ടികള്‍ ഇവിടെ സ്വന്തം ഗ്രേഡുകള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.
മൂന്നാം ഘട്ടം
അടുത്ത ഘട്ടത്തിലാണ് സ്‌കൂള്‍, കോഴ്‌സ് ഇവ രേഖപ്പെടുത്തേണ്ടത്. ഇവിടെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്‌കൂളും കോഴ്‌സും ആദ്യം, തുടര്‍ന്ന് രണ്ടാമത് ആഗ്രഹിക്കുന്നത് എന്നിങ്ങനെ ക്രമത്തില്‍ രേഖപ്പെടുത്തുക.
- സ്‌കൂള്‍ കോഡുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്‌കൂള്‍ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പാക്കേണ്ടതാണ്.
- യാതൊരു കാരണവശാലും പ്രവേശനം നേടാന്‍ താല്പര്യമില്ലാത്ത സ്‌കൂള്‍, കോഴ്‌സ് ഇവ അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരിക്കുക.
- ട്രാന്‍സ്ഫറിനുള്ള സാധ്യത ഉണ്ടെങ്കിലും അനാവശ്യമായി ദൈർഘ്യം നൽകാതിരിക്കുക.
- എത്ര കോഴ്സും വിദ്യാലയവും നൽകുന്നതിൽ തടസ്സമില്ല
കോഴ്‌സുകളും സ്‌കൂളുകളും മുന്‍ഗണനാ ക്രമത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തി (ബോണസ് പോയന്റിനായി സമര്‍പ്പിച്ച രേഖയുടെ നമ്പര്‍, തീയതി തുടങ്ങിയവ) അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാം.
അവസാന സമര്‍പ്പണം പൂര്‍ത്തിയാക്കിയ അപേക്ഷയുടെ ഒരു പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക. മാത്രമല്ല ഇതിൻ്റെ പിഡിഎഫ് വാട്സ് ആപ്പ്, ഇ മെയിൽ സംവിധാനങ്ങളിൽ എവിടെ എങ്കിലും അയച്ചിടുക. പിന്നീട് പരിശോധിക്കാൻ പ്രയോജനപ്പെടും.
അൺ എയിഡഡ് പ്രവേശനം
അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കും, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും, മാനേജ്‌മെന്റ് സീറ്റുകളിലേക്കും, സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കും പ്രവേശനത്തിനായി വെവ്വേറെ നടപടി ക്രമങ്ങള്‍ ഉണ്ട്.
അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രവേശനം ഏകജാലകത്തില്‍ ഉള്‍പ്പെടുന്നില്ല. വിദ്യാര്‍ഥി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ നേരിട്ട് അപേക്ഷ നല്‍കി പ്രവേശനം നേടാവുന്നതാണ്.
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അവ നടത്തുന്ന സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് നിശ്ചിത സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഈ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷകള്‍ കേന്ദ്രീകൃത അഡ്മിഷന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്ത് പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത് 11
· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
സപ്ലിമെൻ്ററി അലോട്മെൻ്റ്
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും എന്നാണ് സർക്കാർ അറിയിപ്പ്.
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.
ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.
ഈ വർഷത്തെ മാറ്റങ്ങൾ അറിഞ്ഞിരിക്കുക
അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നതായി ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
- നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
- ഓരോ വിദ്യാർത്ഥിയുടേയും W G P A
(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.
W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്.
W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി. - ടൈ ബ്രേക്കിങിന് – എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി
എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),
യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി. - മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
- മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
- തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.
- തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്. - കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
- മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
- കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.
വൊക്കേഷണൽ ഹയർ സെക്കന്ററി
പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.
ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് )
പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ്
വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക.
ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ മൂന്ന്എ ൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി
വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.
അവ ഇനി പറയുന്നവയാണ്
ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി
കണ്ട്രോൾ
ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ
കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ്
എന്നിവയാണവ.
ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി സമർപ്പിക്കുക
https://hscap.kerala.gov.in/
പ്രവേശന പട്ടിക തയാറാക്കുന്നതും മുൻഗണനയും മനസിലാക്കാൻ ചുവടെ നൽകിയ ലിങ്കിലെ വാർത്ത കാണുക
കേരള പോസ്റ്റ് പ്രധാന വാർത്താ ഗ്രൂപ്പിൽ ചേരാൻ
👇🏻 ക്ലിക്ക് ചെയ്യുക


