നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി മുമ്പ് മറ്റു നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് പരാതിയിൽ ചൂണ്ടികാട്ടുന്നു. ആർ ശ്രീലേഖയുടെ തന്നെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലുള്ള പരാതി തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കൈമാറി.
കേസിനെതിരായി വെളിപ്പെടുത്തൽ രൂപത്തിൽ പ്രസ്താവന ഇറക്കിയതിന് ശ്രീലേഖയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് പരാതി.
പള്‍സര്‍ സുനിക്കെതിരേ അന്ന് കൃത്യമായി നടപടി എടുത്തിരുന്നുവെങ്കില്‍ വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് കുസുമം ജോസഫ് ബോധിപ്പിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരേ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയത്. വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതെ പോയത്. പണം നല്കി സംഭവം ഒത്തുതീര്‍പ്പാക്കിയെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ദിലീപിനെ ന്യായീകരിച്ച വാക്കുകൾ
ദിലീപിനെതിരേ തെളിവില്ല. പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കേസില്‍ ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാല്‍ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണ്.
പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം യഥാര്‍ഥമാണെന്നും അതില്‍ കൃത്രിമത്വം ഇല്ലെന്നും ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറായ ബിദില്‍ ശ്രീലേഖയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി ആർ ശ്രീലേഖയുടെ സർവ്വീസ് കാലഘട്ടത്തെ തന്നെ തുറന്നു കാട്ടുന്ന വിമർശനങ്ങൾ അവർക്കെതിരെ ഉയരുകയാണ്.


