പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതൽ ബ്ലൈഡുകൾക്കും സ്പൂണുകൾക്കും വരെ വില കൂടും. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനൊപ്പമാണ് ഇപ്പോൾ ജിഎസ്ടി നിരക്കിനനുസരിച്ച് വീണ്ടും ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പടെ വില വർധിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അദ്ധ്യക്ഷതയിൽ അടുത്തിടെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റംവരുന്നത്. ചുരുക്കത്തിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്കായി ജനങ്ങൾ കൂടുതൽ പണം മുടക്കേണ്ടിവരും. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.
ബ്രാൻഡ് ചെയ്യാത്ത, പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷിക ഉൽപന്നങ്ങളെയും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
പരസ്പരം പഴിച്ച് പെട്രോൾ പോലെ വിലക്കയറ്റം
മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), പാക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ, മത്സ്യം, പാല്‍, തൈര്, ലസ്സി, പനീർ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, തേൻ, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ശർക്കര, ജൈവ വളം, കമ്പോസ്റ്റ്, ബ്ലൈഡുകൾ, സ്പൂണുകൾ, കട്ടിംഗ് ബ്ലൈഡുകൾ, പെൻസിൽ കട്ടർ, കേക്ക്-സെർവറുകൾ എന്നിവയ്ക്ക് ജൂലൈ 18 മുതൽ വില കൂടും.
ഈ തീരുമാനങ്ങൾ കൊക്കൊണ്ടത് കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഈ സമിതിയിൽ അംഗങ്ങളാണ്.
വിലക്കയറ്റം എക്കാലത്തെയും ഉയരത്തി
മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. മേയിൽ 15.88 ശതമാനമെന്ന നിരക്കിലെത്തി. ഏപ്രിലിൽ 15.08 ശതമാനമായിരുന്നു . കഴിഞ്ഞ 14 മാസമായി വിലക്കയറ്റം 10 ശതമാനത്തിനു മുകളിൽ.
കഴിഞ്ഞ വർഷം മേയിൽ 13.11 ശതമാനമായിരുന്നു. മൊത്തവിൽപ്പന വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിഎസ് ടി പരിഷ്കാരം കൂടി വരുന്നതോടെ വരുംമാസങ്ങളിലും ജനജീവിതം കൂടുതൽ ദുസ്സഹമാകും.
ഇന്ധന–- ഊർജ മേഖലയിലെ വിലക്കയറ്റം 40.62 ശതമാനമാണ്. ഭക്ഷ്യവസ്‌തുക്കളുടേത് 8.9 ശതമാനത്തിൽനിന്ന് 10.9 ശതമാനമായി ഉയർന്നു. പാചകവാതകത്തിന്റെ വിലവർധന 38.5 ശതമാനത്തിൽനിന്ന് 47.7 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 19.71 ശതമാനമാണ്.


