Monday, February 23, 2026

ലഹരി കടത്ത് കേസിലെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആൻ്റണി രാജു; സർക്കാരിന് മുന്നിൽ പുതിയ കുരുക്ക്

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുക്കി. ഈ കേസാണ് മന്ത്രി സഭയ്ക്ക് നേരെ പുതിയ ചോദ്യമായി ഉയരുന്നത്.

2014 ഏപ്രില്‍ 30ന് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങിയ കേസാണ്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലിൽ ഉൾപ്പെടുന്ന വസ്തു മാറ്റി കോടതിയെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലാണ് ഇതിൽ ഉണ്ടായിരുന്നത്.

വിനയായി തുടരുന്നത് ഹാഷിഷുമായി എത്തിയ വിദേശിയുടെ വക്കാലത്ത്

1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് അന്ന് എടുത്ത കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല എന്നതാണ് വിവാദത്തിന് മരുന്ന്.

2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.

എന്തായുന്നു ആ കേസ്

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണക്ക് എത്തിയത്. വക്കാലത്തെടുത്ത സീനിയര്‍ അഡ്വ സെലിന്‍ വില്‍ഫ്രഡിൻ്റെ കൂടെയായിരുന്നു ആൻ്റണി രാജു. പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ശിക്ഷ വിധിച്ചു.

കേസ് ജയിച്ചത്

എന്നാൽ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. ക്രിമിനൽ കേസുകളിൽ ഏറ്റവും പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു.

തെളിവ് അട്ടിമറിച്ചു

പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാന്‍ കഴിയില്ലെന്നായിരുന്ന വാദം. അത് ശരിയായിരുന്നു. കോടതി നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ വിമോചിതനായി രാജ്യം വിട്ടു.

കേസിലെ അട്ടിമറി പൊലീസ് കണ്ടെത്തി

കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്ക്കൊടുവില്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ആന്റണി രാജു വക്കീലിൻ്റെ പ്രൊഫൈൽ ഉയർന്നു. ആദ്യമായി നിയമസഭാംഗമായി.

തുടർന്ന് 2002ല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയില്‍ ഇതുചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഈ സമയത്ത് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. എങ്കിലും പിന്നെയും ഇഴഞ്ഞു.

2005ല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായി. കേസ് പുനരന്വേഷിക്കാന്‍ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് നൽകി. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങിയതോടെ വിഷയം വീണ്ടും സജീവമായി.

കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നിങ്ങനെ ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

അതേ വർഷം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല.

22 തവണ വിളിച്ചിട്ടും കോടതി ഉത്തരവ് മൈൻ്റു ചെയ്തില്ല

2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അവിടം മുതലിങ്ങോട്ട് 22 തവണയാണ് കോടതി കേസ് പരിഗണിച്ചതെങ്കിലും ഇത്രയും നാള്‍ കേസ് പരിഗണിച്ചപ്പോഴും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയില്‍ ഹാജരായിട്ടില്ല. വിചാരണയില്ലാതെ കേസ് അനന്തമായി നീട്ടുക്കൊണ്ടു പോയി.

സജി ചെറിയാൻ ഓർക്കുമോ കേസ് ആഗസ്റ്റിൽ വീണ്ടും വരുന്നു………

ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ആന്റണി രാജു നിയമസഭാംഗവും സംസ്ഥാന മന്ത്രിയുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് സജിചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യമാണ്. മന്ത്രിസഭാംഗത്തിന്റെ നിയമലംഘന കേസിന് തീപിടിക്കുമോ എന്നാണ് ചർച്ചകൾ.

തൊണ്ടി മുതൽ കൊണ്ടു പോയത് ആരാണ്

കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാന്‍ കഴിയില്ല. ഈ കര്‍ശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിൻ്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന അന്വേഷണ റിപ്പോർട്ടാണ് കാര്യങ്ങൾ കുഴമറിക്കുന്നത്.


ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയും
ലഹരിക്കടത്ത് കേസില്‍ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിന്യയത്തിലെ ഭാഗവും വർത്താമാന പത്രങ്ങൾ പുറത്ത് വിട്ടു. ഇത് എത്ര കാലം തുറന്നു നിൽക്കും എന്നതും കാത്തിരുന്നു കാണേണ്ടി വരും.

കേസിലെ നാടകങ്ങൾ

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷമാണ് ഒരാൾ അന്വേഷിച്ച് എത്തുന്നത്.

പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാളാണ് ഇത് ആരംഭിക്കുന്നത്. വളരെ ശുദ്ധ ഗതിക്ക് എന്ന് തോന്നും വിധം പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയോട് അപേക്ഷിച്ചു. അനുകൂല ഉത്തരവ് നേടുകയും ചെയ്തു.

എന്നാൽ ജൂനിയർ വക്കീലായ ആന്റണി രാജുവാണ് ബന്ധുവിന് ഒപ്പം തൊണ്ടി സെക്ഷനിലെത്തുന്നത്. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങള്‍, തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോര്‍ഡര്‍ എല്ലാം എടുത്തു. ഇതിനൊപ്പം കോടതി ചെസ്റ്റില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും ഉണ്ടയിരുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസില്‍ അഡ്വക്കറ്റ് കുഞ്ഞിരാമ മേനോൻ്റെ വാദത്തിൻ്റെ മൂച്ചയായത്. അങ്ങിനെ അടിവസത്രം പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കി.

പ്രതിയുടെ അടിവസ്ത്രം നാലുമാസത്തോളം ഇവരുടെ കൈവശം തന്നെയിരുന്നു. കേസ് ഹൈക്കോടതിയില്‍ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് തിരികെ ഏല്‍പിച്ചു.

അടിവസ്ത്രം കൈപ്പറ്റി അനുകൂല തെളിവ് സൃഷ്ടിച്ചു

ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്നാണ് വക്കീലിന് എതിരായ കുറ്റപത്രത്തില്‍ പറയുന്നത്. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത് എന്നും വരുന്നു. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട രേഖയാണ് കുറ്റപത്രത്തിലെ ഏറ്റവും പ്രധാന തെളിവ്.

ഭരണഘടനാ ദത്തമായ പദവിയിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ്. അഭിഭാഷക മേഖലയിൽ തന്നെ ഇത് നീതീകരിക്കാൻ കഴിയുന്നതാണോ. അങ്ങിനെ എങ്കിൽ ഈ സ്ഥാനങ്ങളുടെ എല്ലാം അർത്ഥം എന്താണ്. ഇനി ജനങ്ങൾക്ക് മുന്നിലേക്ക് എത്താനിടയുള്ള തെളിവുകൾ ധാർമ്മികതയുമായി ബന്ധപ്പെട്ടതാണ്.

ആദ്യകേസില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കോടതി ജീവനക്കാരൻ്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ കേസ് അനന്തമായി നീണ്ടുപോകുന്നതിൻ്റെ കാരണം ദുരൂഹമായി തുടരുന്നു. സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് വാറൻ്റ് അയക്കുന്നതാണ് സാധാരണ ഗതിയില്‍ കോടതി ചെയ്യാറുള്ളത്. എന്നാല്‍ 22 തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരായിട്ടില്ല. മാത്രമല്ല ജനപ്രതിനിധിയായി മത്സരിക്കാൻ ഇടയായ സാഹചര്യവും ആ സമയത്ത് നൽകിയ സത്യവാങ്മൂലവും പരിഗണിക്കേണ്ടതുണ്ട്.

22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറൻ്റ് അയച്ചിട്ടില്ല എന്നത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘത്തിനും തിരിച്ചടിയാവും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...