മുന്‍മന്ത്രി എം.എം. മണിക്കെതിരേ നടത്തിയ വംശീയ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. മണിയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ നടത്തിയ പ്രതികരണമാണെന്നുമാണ് സുധാകരന്‍ ഖേദം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ എം.എം. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചിരുന്നു. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച നടപടിയില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും മണിയെ വംശീയമായി അധിക്ഷേപിച്ച് സുധാകരന്‍ രംഗത്ത് വന്നിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ പിന്തുണച്ച് സുധാകരന്‍ ചോദിച്ചത്.
എഫ് ബി പോസ്റ്റ്
ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.


