തൊഴിലും ഉപജീവനവും തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴുക്ക് കുറുയുന്നു. അമേരിക്ക, ബ്രിട്ടന്, സിങ്കപ്പുര്‍, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റ തോത് വർധിക്കുന്നു.
2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. മഹാരാഷ്ട്ര ഗൾഫ് പണത്തിൽ കേരളത്തെ മറികടക്കുകയും ചെയ്തു.
വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2020-ല്‍ 90,000 ആയി ചുരുങ്ങി. കോവിഡ് സാഹചര്യത്തിലെ ചുരുക്കം മാത്രമല്ല ഇത്. 2015-ൽ 7.6 ലക്ഷം ആളുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് പറന്നപ്പോഴാണ് 2020 ൽ കുത്തനെ കുറഞ്ഞത്.
ഗൾഫ് മണിയിലെ മലയാളി പങ്ക്
റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതിനനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പണത്തിൻ്റ ശതമാനത്തിലും വ്യത്യാസമുണ്ട്.
സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായിട്ടുള്ള തൊഴില്‍രംഗത്തെ മാറ്റവും ഇതിന് കാരണമായിട്ടുണ്ട്. ഇത് ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ് എന്ന് പറയുന്നു എങ്കിലും ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് അവസര നഷ്ടം ഇല്ല.
എന്നാൽ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്ത് എത്തിയ ഗൾഫ് മണിയുടെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി.
ഗൾഫ് മണിയിൽ കേരളത്തെ പിന്നിലാക്കി റെക്കോഡിട്ട് മഹാരാഷ്ട്ര
കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒരു കാലത്ത് ഗൾഫ് പണം ഏറ്റവും അധികം എത്തിയിരുന്നത്. ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളുടെയും ചേര്‍ന്നുള്ള വിഹിതം 25.1 ശതമാനംമാത്രമാണ്. എന്നാൽ 2016-ൽ ഇത് 42 ശതമാനമായിരുന്നു.
മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു.
കോവിഡ് കാലത്ത് ഗള്‍ഫ് നാടുകളിലുണ്ടായ തൊഴില്‍നഷ്ടം, സാമ്പത്തികപ്രതിസന്ധി, സൗദി, കുവൈത്ത്, ഖത്തര്‍പോലുള്ള രാജ്യങ്ങളില്‍ തൊഴില്‍രംഗത്ത് തദ്ദേശവത്കരണം നടപ്പാക്കല്‍, അമേരിക്ക, ബ്രിട്ടന്, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വര്‍ധന തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പഠനം നിരീക്ഷിക്കുന്നു.
സൗദിയിലേക്കുള്ള എമിഗ്രേഷന്‍ 2015-ലെ 3.1 ലക്ഷത്തില്‍നിന്ന് 2020-ല്‍ 40,000 ആയി കുറഞ്ഞു.
യു.എ.ഇ.യിലേക്കുള്ളത് 2.3 ലക്ഷത്തില്‍നിന്ന് 20,000 ആയും ചുരുങ്ങി.
ഹിന്ദി ബെൽറ്റിൽ നിന്നും തൊഴിലാളികൾ
ഏതാനും വര്‍ഷങ്ങളായി യു.പി., ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഗൾഫുകാർ ഏറ്റവും കുടുതൽ. 2020-ല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചതില്‍ പകുതിയും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. ഇവര്‍ വളരെ കുറച്ച് പണമാണ് അയക്കുന്നത്. കൂടുതലും കൂലിത്തൊഴിലുകളിൽ ആണ്.
അമേരിക്കൻ മണിയും മുന്നിൽ
2016-17 സാമ്പത്തികവര്‍ഷം പ്രവാസി പണം വരവില്‍ 50 ശതമാനവും ജി.സി.സി. രാജ്യങ്ങളില്‍നിന്നായിരുന്നു. 2020-21-ലിത് 30 ശതമാനമായി കുറഞ്ഞു. 23 ശതമാനം വിഹിതവുമായി യു.എ.ഇ.യെ പിന്തള്ളി അമേരിക്ക മുന്നിലെത്തുകയും ചെയ്തു. നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞാല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം വരുന്ന വഴിയാണ് പ്രവാസികളുടെ അധ്വാനം


