നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്.
ആരാണ് അടിവസ്‌ത്രം മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ മേഖല റേഞ്ച് ആർ നിഷാന്തിനി ഐപിഎസ് പറഞ്ഞു.
പ്രതിഷേധം അക്രമമായി, തല്ലി ചതച്ച് പൊലീസ്
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കൊല്ലം ആയൂർ മാർത്തോമാകോളജിന്റെ ജനൽച്ചില്ലകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തു. സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തിൽ മാധ്യമപ്രവർത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്.
പൊലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ അകത്തുകയറിയത്. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. വിദ്യാർഥികൾക്ക് പരക്കെ മർദ്ദനമേറ്റു.
നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എത്തിയ കൂടുതൽ വിദ്യാർഥികൾ പരാതി ഉന്നയിച്ച് രംഗത്ത് വന്നു.


