കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിയായ അഗ്നിപഥിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷണശാല’യിലെ ഈ ‘പുതിയ പരീക്ഷണ’മെന്ന് രാഹുല്‍ ചൂണ്ടികാട്ടി.
“60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ് വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരന്‍മാരുടെ ഭാവിയെന്താണ്? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം രാജ്യസുരക്ഷയും യുവജനങ്ങളുടെ ഭാവിയും അപകടത്തിലാക്കും”. രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലായിരുന്നു ട്വീറ്റ്.
യുവാക്കളെ നിരത്തിലിറക്കിയ പദ്ധതി
അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തെരുവുകളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം അരങ്ങേറി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇത് ഉയർത്തിയത്.
പതിനേഴര വയസ് മുതല്‍ 21 വയസ് വരെ പ്രായപരിധിയുള്ള യുവാക്കള്‍ക്ക് സൈനികസേവനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ അവകാശവാദം.
നാല് വര്‍ഷത്തെ സേവനം ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് 15 വര്‍ഷം വരെ സേവനം ദീര്‍ഘിപ്പിക്കാനുള്ള അവസരം.
നാലു വർഷം കഴിഞ്ഞ് പിരിയുമ്പോൾ വെറും 11 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. അതേ സമയം 15 വർഷത്തെ സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു ഭടന് 14 കോടി രൂപവരെ ചിലവ് വരും. 17 വയസ്സിൽ അഗ്നിവീരറാവുന്ന യുവാക്കൾക്ക് വിദ്യാഭ്യാസ സാഹചര്യവും നഷ്ടമാവും എന്നിങ്ങനെ ആശങ്കകൾ ചൂണ്ടി കാട്ടിയായിരുന്നു പ്രക്ഷോഭം.


