അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ ചൊവ്വാഴ്ച തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അശ്വതി ബാബു ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ. മൂന്നു വര്‍ഷം മുമ്പ് നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.
ഡ്രൈവര്‍ നൗഫലിനൊപ്പം ചൊവ്വാഴ്ച വൈകിട്ടാണ് അശ്വതി തൃക്കാക്കര പോലീസിന്റെ പിടിയിലാവുന്നത്. ആലുവ മുട്ടത്ത് വാഹനങ്ങളില്‍ തട്ടി കാര്‍ നിര്‍ത്താതെ പോയ ഇവരുടെ വാഹനത്തെ മറ്റു വാഹനങ്ങള്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ തൃക്കാക്കര വെച്ച് നടിയും ഡ്രൈവറും സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു.
കാറിടിച്ച വാഹനങ്ങളുടെ ഉടമകളുടെ പരാതിപ്രകാരം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ രക്ത സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ റിസല്‍റ്റ് വന്ന ശേഷമേ ജാമ്യത്തില്‍ വിട്ട പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പോലീസ് അറിയിച്ചു.
ഇതിനുമുമ്പ് 2018 ഡിസംബറിലാണ് അശ്വതിയും ഡ്രൈവര്‍ ബിനോയിയും കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പിടിയിലാകുന്നത്. അന്ന് നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ. അശ്വതിയുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ കേസ് തുടരുകയാണ്.


