വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തിൻ്റെ മാതൃക തെളിയിച്ച മാളിയേക്കൽ മറിയുമ്മ അന്തരിച്ചു,

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷും നിഷിദ്ധ ഭാഷയായി കണ്ട നാളിലായിരുന്നു ഇവരുടെ പഠനം.

വടക്കെ മലബാറിൽ തലശ്ശേരി പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മറിയ മഹലിൽ മാളിയേക്കൽ തറവാട്ടിലെ തലമുതിർന്ന അംഗമാണ്.

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ട്‌ ആറിനായിരുന്നു അന്ത്യം. 1938-43 കാലത്ത്‌ തലശ്ശേരി സേക്രഡ്‌ ഹാർട്ട്‌ കോൺവെന്റ്‌ സ്‌കൂളിലെ ഏക മുസ്‍ലിം പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയിൽ നിരന്തര അധിക്ഷേപത്തിനിരയായി.

സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.

1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടിലിരുന്ന് പഠിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സമയം കണ്ടെത്തി. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി.

മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും പ്രശസ്തമായി.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍ സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിലെ മുസ്‍ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്‌) യോഗത്തിൽ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ഏ​റെ ശ്രദ്ധേയമായിരുന്നു.

തലശ്ശേരി കലാപകാലത്ത്‌ നിരവധി കുടുംബങ്ങൾക്ക്‌ മാളിയേക്കലിൽ അഭയം നൽകാൻ മുൻകൈയെടുത്തു. അസുഖബാധിതയാകുംവരെ ‘ഹിന്ദു’ പത്രവായന ജീവിതത്തിന്റെ ഭാഗമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പിൽ വി.ആർ കൃഷ്‌ണയ്യർക്കുവേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ആഭിമുഖ്യം പുലർത്തിയിരുന്ന ഇവർ ഇടതുപക്ഷ – പുരോഗമന ആശയങ്ങളുമായും സഹകരിച്ചിരുന്നു.

മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ.വി. അബ്ദുല്ല സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്‌. ഭർത്താവ്‌: പരേതനായ വി.ആർ. മാഹിനലി (റിട്ട.മിലിറ്ററി റിക്രൂട്ട്‌മെന്റ്‌ ഓഫിസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുല്ല (അബ്ബാസ്‌-ബിസിനസ്‌), പരേതരായ മഷൂദ്‌, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത്‌ സാഹിദ, മഹിജ, പരേതനായ ഇ.കെ. ഖാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്‌, മാഹിനലി.

മയ്യിത്ത് മറിയ മഹലിലും മാളിയേക്കൽ തറവാട്ടിലും പൊതു ദർശനത്തിന് വെച്ചു. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...