അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം ശ്രദ്ധ നേടിയതോടെ രാമ ഭക്തിയിൽ പ്രതിരോധം തീർത്ത് അമിത് ഷാ.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ പ്രതിരോധം. രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതിന്‍റെ വാർഷിക ദിനത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് രാം മന്ദിരത്തെ എതിർക്കുന്നതുകൊണ്ടാണെന്ന് അമിത് ഷാ ആരോപിച്ചു.
ഈ ദിവസം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തതിലൂടെയും കറുത്ത വസ്ത്രം അണിഞ്ഞതിലൂടെയും വ്യക്തമായ സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധം. കാരണം, ഇന്നത്തെ ദിവസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് അടിത്തറയിട്ടത്, അമിത് ഷാ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗാന്ധി കുടുംബത്തിന് നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസൊന്നും നൽകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിച്ചു. രാജ്യത്തെ എല്ലാവർക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ വിവാദമായ രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടത്.
അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.


